വിഷു നാളിൽ നാടെങ്ങുമുള്ള പത്മശാലിയ തെരുവുകൾ ‘പണ്ടാട്ടി’യെ വരവേറ്റു. ഉത്തര മലബാറിലെ പലയിടങ്ങളിലും ‘പണ്ടാട്ടി വരവ്’ ആഘോഷം പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് ‘ചപ്പകെട്ട്’, ‘ചോയി കെട്ട്’ ‘യോഗി പുറപ്പാട്’ തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്.
പ്രധാനമായും വിഷു നാളിൽ ‘പത്മശാലിയ സമുദായത്തിലാണ് പരമ്പരാഗതമായ ഈ ആചാരാഘോഷം അരങ്ങേറുന്നത്. ശിവ- പാർവതിമാർ വേഷപ്രഛന്നരായി തങ്ങളുടെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ വിഷു നാളിൽ എത്തുന്നുവെന്നാണ് ചപ്പകെട്ടാലോഷത്തിന് പിന്നിലെ ഐതിഹ്യം.
വിഷു ദിവസം വൈകിട്ടാണ് ആഘോഷം. പ്രദേശത്തെ ഗണപതി ക്ഷേത്രത്തിൽ നിന്നാണ് തുടക്കം കുറിക്കുക. കുടുംബകാരണവന്മാരുടെ വീടുകളിലെ സന്ദർശനത്തിന് ശേഷം മറ്റു വീടുകളിൽ സാന്നിധ്യമറിയിക്കും. ഉണങ്ങിയ വാഴയിലയാണ് പ്രധാന വേഷം. ശിരസ്സിൽ കിരീടം, വെള്ളരി വട്ടത്തിൽ മുറിച്ചുവെച്ച കാതലങ്കാരം, ചകിരി കൊണ്ടുള്ള മീശ എന്നിവയാണ് വേഷവിതാനം.

‘പണ്ടാട്ടി’ യെ വരവേൽക്കാൻ വീടുകൾ ശുചിയാക്കി പുൽപ്പായ, നിലവിളക്ക്, വെള്ളരി, നാളികേരം, മധുരപ്പം എന്നിവ ഒരുക്കിവെക്കും. പണ്ടാട്ടിയെ സഹായിയും ജനങ്ങളും പിന്തുടർന്നു. വീടുകളിൽ പണ്ടാട്ടി എത്തുന്നതോടെ പടക്കം പൊട്ടിച്ച് സ്വീകരിച്ചു. വീട്ടുകാർക്ക് അനുഗ്രഹം നൽകി ഇറങ്ങുമ്പോൾ വിഭവങ്ങൾ ശേഖരിക്കാനായി കൂടെ ‘പണ്ടാരം’ എന്ന സഹായി ഉണ്ടായിരുന്നു. ദേശ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രത്തിൽ തന്നെ തിരിച്ചെത്തിയതോടെ ആഘോഷം സമാപിച്ചു.
