വിറകടുപ്പുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; വിറകിന്റെ വിലയും കൂടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഭാഗമായി പാചക വാതക സിലിണ്ടര്‍ കിട്ടാന്‍ പ്രയാസം നേരിടുന്നതോടെ വിപണിയില്‍ വിറകടുപ്പുകള്‍ക്ക് ആവശ്യക്കാര്‍ കൂടി. ഇരുമ്പ് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലയിനം വിറകടുപ്പുകള്‍ ലഭ്യമാണ്. 300 രൂപ മുതല്‍ വിലയുള്ള വിറകടുപ്പുകളാണിവ. എന്നാല്‍ ഗുണ നിലവാരത്തില്‍ ഓരോ അടുപ്പുകളും വ്യത്യസ്തമായിരിക്കും. കാസ്റ്റ് അയണ്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന മാറ്റിവെക്കാന്‍ കഴിയുന്ന അടുപ്പുകളാണ് ഇതില്‍ ഏറെയും. അടുക്കളയില്‍ ഒരിടത്ത് തന്നെ സ്ഥാപിക്കാന്‍ കഴിയുന്ന പുകയില്ലാത്ത അടുപ്പുകളും ഉണ്ട്. വ്യത്യസ്ത കമ്പനികളുടെ അടുപ്പിന് വിലയിലും വ്യത്യാസമുണ്ട്.

പാചക വാതക സിലിണ്ടര്‍ കിട്ടാതായതോടെ കൂടുതലാളുകളും ഭക്ഷണം പാചകം ചെയ്യുന്നത് വിറക് അടുപ്പിലേക്ക് മാറിയിട്ടുണ്ട്. സിലിണ്ടറിന് ബുക്ക് ചെയ്താല്‍ തന്നെ കിട്ടാത്ത അവസ്ഥയുമുണ്ട്. വിറകിനും പല സ്ഥലത്തും ക്ഷാമം നേരിട്ട് തുടങ്ങി. മുമ്പൊക്കെ ഒരു പെട്ടി ഓട്ടോ വിറകിന് 2500 മുതല്‍ 3000 രൂപവരെയായിരുന്നു വില. ഇപ്പോള്‍ 5000 വരെയെത്തിയതായി സദ്യ ഒരുക്കുന്നവര്‍ പറയുന്നു. നമ്മുടെ നാട്ടില്‍ നിന്ന് ചകിരി,  ചിരട്ട എന്നിവ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കയറ്റി കൊണ്ടു പോയതിനാല്‍ പല സ്ഥലത്തും ചകിരിയും ചിരട്ടയും കിട്ടാനില്ല. പടുമരങ്ങള്‍ ഫര്‍ണ്ണിച്ചര്‍ ആവശ്യങ്ങള്‍ക്കായി മുറിച്ചു കൊണ്ടു പോകുന്നതിനാല്‍ വിറകിനായി ഉപയോഗിക്കുന്ന മരങ്ങളും കിട്ടാത്ത അവസ്ഥയാണ്. ഈര്‍ച്ചപൊടി നിറയ്ക്കുന്ന അടുപ്പുകളും വിപണിയില്‍ ലഭ്യമാണ്. കുഴച്ച മണ്ണും കല്ലും ഉപയോഗിച്ച് പരമ്പരാഗതമായി വീട്ടമ്മമാര്‍ നിര്‍മ്മിക്കുന്ന അടുപ്പുകളും ഇനി പ്രചാരത്തിലേക്ക് വരും. പുകശല്യമാണ് ഇതിന്റെ പ്രധാന പോരായ്മ.

ഹോട്ടലുകാരും ബേക്കറിക്കാരും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1680 രൂപയായിരുന്നു ഈ അടുത്തകാലം വരെ വില. ക്ഷാമം നേരിട്ടു തുടങ്ങിയതോടെ 2120 രൂപയായി അംഗീകൃത വില. എന്നാല്‍ ഈ തുകയ്ക്കും ഗ്യാസ് കിട്ടാതായപ്പോല്‍ ഹോട്ടലുകളും ചായക്കടകളും അടച്ചിടേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തില്‍ ഹോട്ടലുകാര്‍ക്ക് 70 ശതമാനം വരെ ഗ്യാസ് സബ്സിഡി നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ അടച്ചിട്ട ഹോട്ടലുകള്‍ മിക്കതും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചതായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി.സാദിഖ് പറഞ്ഞു. എന്നാല്‍ വേണ്ടത്ര ഗ്യാസ് ലഭിക്കാത്തതിനാല്‍ ഹോട്ടലുകാരും ബേക്കറിക്കാരും ഗ്യാസ് സിലിണ്ടറിന് കരിഞ്ചന്ത വില്‍പ്പനക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

കല്യാണത്തിനും സല്‍ക്കാരങ്ങള്‍ക്കും ഭക്ഷണമൊരുക്കുന്നവര്‍ അമിത വില കൊടുത്താണ് വാണിജ്യ സിലിണ്ടര്‍ വാങ്ങുന്നത്. അത് 3500 രൂപ മുതല്‍ 4000 രൂപ വരെയാണ് വില. വിവാഹം, സല്‍ക്കാരം തുടങ്ങിയവയ്ക്ക് സദ്യയൊരുക്കാന്‍ മുന്‍കൂട്ടി ഓര്‍ഡര്‍ എടുത്തവര്‍ ഇപ്പോള്‍ വിഷമ സന്ധിയിലാണ്. മുമ്പൊക്കെ വിറകടുപ്പാണ് സദ്യ ഒരുക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാവരും ഗ്യാസ് അടുപ്പുകളിലേക്ക് മാറി. ഇപ്പോള്‍ വീണ്ടും പഴയ വിറകടുപ്പിലേക്ക് മാറേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

വന്‍കിട ഹോട്ടലുകളിലും കാന്റീനുകളിലും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പലതരം അടുപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്ലോവര്‍ കറക്കി കുറഞ്ഞ ഗ്യാസും വിറകും ഉപയോഗിച്ചുളള അടുപ്പുകള്‍ പ്രചാരത്തിലുണ്ട്.

Leave a Reply

Your email address will not be published.