കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം അക്രമമായി. ഇന്ന് രാവിലെ 7.15-ഓടെയാണ് സംഭവം. കോഴിക്കോട് – മുക്കം – തിരുവമ്പാടി റൂട്ടിലോടുന്ന ‘അസാറോ’, ‘മാധവം’ എന്നീ ബസ്സുകളിലെ ജീവനക്കാരാണ് സ്റ്റാൻഡിൽ വെച്ച് ഏറ്റുമുട്ടിയത്. അക്രമത്തിൽ മാധവം ബസ്സിന്റെ ചില്ല് തകർന്നു. ബസ്സുകളുടെ സമയക്രമത്തെച്ചൊല്ലി നേരത്തെ ചാത്തമംഗലത്ത് വെച്ച് ഇരു ബസ്സുകളിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പാളയം സ്റ്റാൻഡിൽ വെച്ച് വീണ്ടും സംഘർഷമുണ്ടായത്. അസാറോ ബസ്സിലെ ജീവനക്കാരൻ മാധവം ബസ്സിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവമറിഞ്ഞ് കസബ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. അക്രമം നടന്ന രണ്ട് ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാർ ഏറെയുള്ള സമയത്തുണ്ടായ അക്രമം സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റാൻഡുകളിൽ സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള പോര് പതിവാകുന്നത് യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാവുകയാണ്.

 

 

Leave a Reply

Your email address will not be published.