ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ

കരിവെള്ളൂരിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ആയ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം, വധശ്രമം, വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് ഓരോ വകുപ്പിലും ജീവപര്യന്തം തടവ് വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴുവർഷം തടവും കാൽലക്ഷം രൂപ പിഴയുമുണ്ട്. 

2024 നവംബർ 21 ന് വൈകിട്ട് 5.30ന് വീട്ടുമുറ്റത്ത്  പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ചപ്പോൾ അച്ഛൻ കെ വാസുവിന് വയറിനും ചെവിക്കും വെട്ടേറ്റു.

കുടുംബപ്രശ്ന‌ങ്ങളെത്തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. കുടുംബകോടതിയിലെ വിവാഹമോചന പരാതിയിൽ സംഭവദിവസം രാവിലെ ദിവ്യശ്രീ മീഡിയേഷനിൽ ഹാജരായിരുന്നു. ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് ബോധിപ്പിച്ചു. സ്വർണമായും പണമായും വാങ്ങിയ ഏഴുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് ഹർജിയും നൽകി. തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി രാജേഷ് ഗ്രിൽസിൽ കൊടുവാൾകൊണ്ട് വെട്ടുകയും വരാന്തയിൽ പെട്രോൾ ഒഴിക്കുകയും ചെയ്യുന്നതിനിടെ രക്ഷപ്പെടാൻ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വെട്ടേറ്റത്. ഗേറ്റിന് മുന്നിൽവീണ ദിവ്യശ്രീയെ രാജേഷ് വീണ്ടും വെട്ടി.

പയ്യന്നൂർ എസ്എച്ച്ഒ കെ പി ശ്രീഹരിയാണ് കേസ് അന്വേഷിച്ചത്. 92 സാക്ഷികളിൽ 62 പേരെ വിസ്‌തരിച്ചു. 102 രേഖകളും 51 തൊണ്ടിമുതലുകളും പരിശോധിച്ചു. പരാതി നൽകിയ അയൽവാസി ശശിമോഹൻ, അച്ഛൻ കെ വാസു, സഹോദരി പ്രവിദ, പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ. ടി എം പ്രജിത്ത്, അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ വിസ്‌തരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ ഹാജരായി.

Leave a Reply

Your email address will not be published.