അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തന ഭാഷാപോഷണ പദ്ധതിയായ ‘വാക്കുകൾ പൂക്കുന്ന കാലം’ – രചനോത്സവത്തിൻ്റെ ഭാഗമായി 2025-26 പൂർണ്ണമായതോടെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പടിയിറങ്ങുന്ന നാലാം ക്ലാസുകാർ വിദ്യാലയത്തിന് സമർപ്പിച്ചത് 104 വായന കാർഡുകൾ ആണ്. കുട്ടികളുടെ ഭാഷാശേഷികൾ വളർത്തുകയും ഒപ്പം തന്നെ അവരുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗപ്പെടുത്തി അതിലൂടെ ഭാവനാപൂർണമായ വൈവിധ്യമാർന്ന രചനകളിലേക്കെത്തിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഈ പദ്ധതി വിഭാവനം ചെയ്തത്. നൽകുന്ന വിഷയങ്ങൾക്ക് അനുസൃതമായി ഏറ്റവും ലളിതമായതും പുതുതായി പരിചയപ്പെടുന്ന വാക്കുകൾ ഉൾക്കൊള്ളിക്കുന്നതും വിദ്യാർത്ഥികൾ സ്വാംശീകരിച്ച ചുറ്റുപാടിനെ കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്തിയും മലയാളത്തിലും ഇംഗ്ലീഷിലും വായന കാർഡുകൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയിലൂടെ ചെയ്തത്.
മലയാള ഭാഷയിൽ ആരംഭിച്ച പദ്ധതി വിജയകരമായതോടെ ഇംഗ്ലീഷ് ഭാഷയിലേക്കും നടപ്പിലാക്കുകയായിരുന്നുവെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. കേവലം വായനക്കാർഡുകൾ ഉണ്ടാക്കി വിടുന്നതിനപ്പുറത്ത് കുട്ടികളുടെ ഫോട്ടോ വെച്ച വായനക്കാർഡുകൾ എക്കാലത്തും സ്കൂളിൽ ഉപയോഗിക്കാനാകും വിധം ലാമിനേറ്റ് ചെയ്ത് സ്ഥാപനത്തിൻ്റെ മൂല്യവത്തായ പഠനോപകരണമാക്കി മാറ്റിയതോടെ ഈ പദ്ധതി എക്കാലത്തും ഓർമിക്കപ്പെടുന്നതായി മാറി.
കേവലം എട്ടു വിദ്യാർത്ഥികൾ മാത്രമുള്ള ഒരു ചെറിയ ക്ലാസ് മുറിയിൽ നിന്നാണ് നൂറിലധികം മനോഹരമായ രചനകളായി വായന കാർഡുകൾ സൃഷ്ടിക്കപ്പെട്ടത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇതിലൂടെ ഓരോ വിദ്യാർത്ഥിയും തന്റെ വിദ്യാലയത്തിനു വേണ്ടി രചനകൾ നിർവഹിക്കുന്നവരായി മാറുന്നു എന്ന അഭിമാന ബോധത്തോടെയാണ് ഓരോ വായന കാർഡുകളും രചിച്ചിട്ടുള്ളത്. അവരുടെ രചനകൾ വർഷങ്ങളോളം വായിക്കപ്പെടുമെന്നതിൽ അവർ ഏറെ സന്തോഷിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് ഭാഷാ വിനിമയത്തിന് ആത്മവിശ്വാസം നൽകാനും അവരുടെ സർഗാത്മക ചിന്തകൾക്ക് പ്രാധാന്യം നൽകാനും കഴിഞ്ഞിട്ടുണ്ട്. ഒരേസമയം ഓരോ കുട്ടിക്കും വ്യക്തിഗത പ്രാധാന്യം നൽകാനും അതിലൂടെ തന്നെ വിദ്യാലയത്തിന് വർഷങ്ങളോളം ഉപയോഗിക്കാവുന്ന പഠനോപകരണം ലഭിക്കാനും ഈ രചനോത്സവത്തിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ പദ്ധതിയെ ഏറെ വ്യത്യസ്തമാക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പിടിഎ കമ്മിറ്റിയും ഒരേ മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട് എന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർത്ഥികൾ രചിച്ച റീഡിങ് കാർഡുകൾ വിദ്യാലയത്തിന്റെ വാർഷികാഘോഷ ചടങ്ങിന്റെ വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ മോഹനൻ നടുവത്തൂരിന്റെ സാന്നിധ്യത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക സിഎം സ്മിത ടീച്ചർക്ക് സമർപ്പിച്ചു. വായന കാർഡുകൾ രചിച്ച വിദ്യാർത്ഥികൾക്ക് ഡോക്ടർ മോഹനൻ നടുവത്തൂർ സ്കൂളിൻ്റെ ഉപഹാരം സമ്മാനിച്ചു. സ്കൂൾ മാനേജർ പി കുഞ്ഞമ്മദ്, പിടിഎ പ്രസിഡണ്ട് നിസാർ കെ.കെ, വൈസ് പ്രസിഡണ്ട് ഫാമില.എൽ.എസ്, എംപിടിഎ ചെയർപേഴ്സൺ സോന.വി, വൈസ് ചെയർ പേഴ്സൺ ഹർഷിന, പൂർവാധ്യാപകരായ വേണു.ടി, അധ്യാപകരായ സുഹൈൽ.കെ എം, രബിഷ.എംപി, ഷാനിഫ.ഇ,റാഫിന.കെ, ലിജിന.സി, രജിഷ പിവി എന്നിവരും സന്നിഹിതരായിരുന്നു.
