പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ ഒന്നുമുതൽ (തിങ്കളാഴ്ച) ആരംഭിക്കും. ജൂൺ ഒന്നിന് സംസ്ഥാന തലത്തിൽ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതൽ ആരംഭിക്കും. ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് യൂണിഫാം, പാഠപുസ്തകം എന്നിവ സൗജന്യമാണ്.
ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല എന്നും കർശന നിർദേശമുണ്ട്. 2009ലെ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കണം. അൺ എയിഡഡ് സ്കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണ്. പിറ്റിഎ ഫണ്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകൾ സർക്കാർ ഉത്തരവ് പാലിക്കണം.
സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് സർക്കുലർ വൈകാതെ പുറത്തിറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആർ.ഡി.ഡി., എ.ഡി., ഡി.ഇ.ഒ., എ.ഇ.ഒ., പ്രിൻസിപ്പൽ, എച്ച്.എം. ഡി.ഡി., ആർ.ഡി.ഡി യോഗം ഏപ്രിൽ 27 ന് 10 മണിക്ക് ഓൺലൈൻ വഴി നടക്കും. സ്കൂൾ ഫിറ്റ്നസ്, മെയിന്റനൻസ്, കുടിവെള്ളം ഉറപ്പാക്കൽ , ശുചീകരണം, വാഹനങ്ങൾ, മതിലുകൾ, വൈദ്യുത ലൈൻ എന്നിവയുടെ പരിശോധനയും സുരക്ഷിത്വവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
