കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.
അധ്യാപകരിൽ നിന്ന് ഉണ്ടായ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്ന ഗുരുതര ആരോപണവുമായി നിതിന്റെ കുടുംബം രംഗത്തെത്തി. തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ‘തെരുവ് പട്ടി’ എന്ന് വിളിച്ച് അപമാനിച്ചിരുന്നുവെന്നും സഹോദരി ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
കുടുംബത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. അതിൽ, നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അപമാനിച്ചതായും, മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ പലതവണ നിന്ദിച്ചതായും പറയുന്നു. ഇന്റേണൽ മാർക്ക് അന്യായമായി കുറച്ചതായും, ചോദ്യം ചെയ്തപ്പോൾ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിൽ പറയുന്നു.
സ്റ്റാഫ് റൂം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ മാനസിക പീഡനത്തിന് ഇരയാകുന്നതായും ആരോപണം ഉയരുന്നു. സംഭവത്തെ തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു പോലീസ് മേധാവിക്കും പട്ടികജാതി-പട്ടികവർഗ കമ്മീഷനും പരാതി നൽകി. എസ്എഫ്ഐയും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. മരണത്തിലെ ദുരൂഹത കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
