വടകര: കൊല്ലപ്പെട്ട വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ അമ്മയുടെ കണ്ണുനീരിനുള്ള പ്രതികാരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കെ.കെ രമ എം.എല്‍.എ. ജനമനസുകളെ വെട്ടിമുറിക്കുന്ന കേന്ദ്രഭരണത്തിനൊപ്പം ഓരോ സാധാരണക്കാരന്റെയും ജീവിതം ദു:സഹമാക്കിയ സംസ്ഥാന സര്‍ക്കാരിന് എതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള മഹിളാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെ.കെ രമ.
കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ അമ്മമാരുടെ പ്രതികരണമാക്കി ഈ തെരഞ്ഞെടുപ്പിനെ നമ്മള്‍ മാറ്റും. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായ സഹോദരിമാരുടെ കണ്ണുനീരിന് നമ്മള്‍ പ്രതികാരം ചെയ്യും. ദു:സഹമായ വിലക്കയറ്റമാണ് നാട്ടില്‍ ഉണ്ടായിരിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. വടകരയിലെ സ്ത്രീകള്‍ ഈ തെരഞ്ഞെടുപ്പിനെ ഏറ്റെടുക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.
ചടങ്ങിൽ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചര്‍ അധ്യക്ഷയായിരുന്നു. സുഹറ മമ്പാട്, അച്ചു ഉമ്മന്‍, കുത്സു ടീച്ചര്‍, ഡോ. ഹരിപ്രിയ, ത്രേസ്യാമ്മ മാത്യു, മിനിക, സന്ധ്യ കരണ്ടോട്, ഗീത മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.