തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് സർക്കാർ തീരുമാനം. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ ബാറുകളും രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ സമയക്രമം പ്രാബല്യത്തിലാകും.
ഇതിനുമുമ്പ് ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രമായിരുന്നു രാവിലെ 10 മുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നത്. മറ്റു ബാറുകൾക്ക് രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു പ്രവർത്തന സമയം. പുതിയ തീരുമാനത്തോടെ ഇവയുടെ സമയവും രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി ദീർഘിപ്പിച്ചു.
ബാറുടമകളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ അനുകൂല തീരുമാനമെടുത്തത്. വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം.
ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിക്കുന്ന പ്രത്യേക അനുമതി മറ്റ് ബാറുകൾക്ക് ലഭിക്കാത്തത് ആശയക്കുഴപ്പത്തിനും അസന്തോഷത്തിനും ഇടയാക്കിയിരുന്നുവെന്നും ഉടമകൾ വ്യക്തമാക്കി. ടൂറിസം മേഖല പരിധിയിലുള്ള ഒരു ബാർ രാത്രി 12 വരെ പ്രവർത്തിക്കുമ്പോൾ അതിർത്തിയിലുള്ള മറ്റൊരു ബാർ രാത്രി 11 വരെ മാത്രം പ്രവർത്തിക്കേണ്ട സാഹചര്യം പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു.
