ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിൻ റൂമില് നിന്ന് വാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹദേബ് ദാസാണ് കോഴിക്കോട് ഫറോക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബോട്ടിന്റെ എഞ്ചിൻ റൂമില് ഇറങ്ങിയപ്പോഴാണ് വാതകം ശ്വസിച്ച് ശ്വാസതടസം നേരിട്ടത്. ഇയാളെ രക്ഷിക്കാനിറങ്ങി 3 പേർ കോഴിക്കോട് വിവിധ ആശുപത്രികളില് ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം. ബേപ്പൂരിന് പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെ വച്ചാണ് അപകടം. ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ എൻജിൻ റൂമിൽ വെള്ളം കയറിയെന്ന സംശയത്തിൽ പരിശോധിക്കാനായി ആദ്യം ഇറങ്ങിയത് ഷഹദേബ് ദാസാണ്. തുടർന്ന്, രക്ഷിക്കാൻ ഇറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികളും അപകടത്തിൽ പെടുകയായിരുന്നു. മറ്റു ജീവനക്കാർ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഷഹദേബ് ദാസ് ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
