സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതിനായി ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ വീതം നല്‍കുന്നതിന് 79.01 കോടി രൂപ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.
യൂണിഫോം വിതരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും എന്നിങ്ങനെ രണ്ട് ഘടകങ്ങളിലായാണ് നടപ്പാക്കുന്നത്. എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പിന്റെ മുഖേന കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച പകല്‍ 11.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.