കൾച്ചറൽ ഫോറം പേരാമ്പ്ര ‘ബാബരി മസ്ജിദിനു ശേഷം സംഭൽ’….പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. പതിനാറാം നൂറ്റാണ്ടുമുതൽ മുസ്ലീം ആരാധനാലയമായി നിലക്കൊള്ളുന്ന ഉത്തർപ്രദേശിലെ സംഭലിലെ ഷാഫി ജുമാമസ്ജിദിനടിയിൽ ഒരു ഹരിഹര ക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ടെന്ന വ്യാജപ്രചാരണം നടത്തുകയും തങ്ങളുടെ ചൊല്പടിയിലുള്ള നിയമവ്യവസ്ഥയുടെ ഒത്താശയോടേയുള്ള വ്യവഹാരങ്ങളിലൂടെ ബാബരി മസ്ജിദ് മാതൃകയിൽ മസ്ജിദ് കയ്യേറാനുമുള്ള നീക്കമാണ് സംഭലിൽ നടക്കുന്നത്.അതേതുടർന്നുണ്ടായ വെടിവെപ്പിൽ മുസ്ലീം വിഭാഗത്തിൽ പെടുന്ന അഞ്ചു പേർ കൊലചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിൽ ഏറെ കുപ്രസിദ്ധമായ പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റബുലറി എന്ന അർദ്ധസൈനിക സംഘത്തിന്റെ നിയന്ത്രണത്തിലാണിപ്പോൾ ഈ പ്രദേശം.
രാജ്യം എല്ലാ നിലയിലും പാപ്പരീകരിക്കപ്പെടുമ്പോൾ വർഗീയതയുടെ നീചമാതൃകകളെ സമർത്ഥമായി ഉപയോഗിക്കുന്ന ഭരണകൂട കൗശലവും ഇസ്‌ലാമോഫോബിയ പടർത്തി ഹിന്ദുത്വ രാഷ്ട്ര നിർമ്മാണം സാധ്യമാക്കാനുള്ള RSS ഗൂഢതന്ത്രവും ഒരേ പോലെ സമ്മേളിക്കുന്ന സംഭവമാണ് സംഭൽ വിഷയം.. ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി ഏറെ സംസാരിക്കുന്ന കേരളത്തിൽ സംഭൽ വെടിവെപ്പും മുസ്ലിം ആരാധനാലയത്തിനു നേരെ നടക്കുന്ന അതിനീചമായ കടന്നാക്രമണവും ഗൗരവമായ ചർച്ചകളായി മാറാതെ കടന്നുപോവുകയാണ്.
കേരളത്തിലെ ഭരണകൂടവും അതിനു നേതൃത്വം കൊടുക്കുന്ന വ്യവസ്ഥാപിത ഇടതുശക്തികളും നിലവിൽ കയ്യാളുന്ന ഹിന്ദുത്വ അനുകൂല സമീപനമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഹിന്ദുത്വ ഫാസിസത്തിന്റെ വിപത്തുകളെ തുറന്നുകാട്ടുന്ന വ്യാപകമായ പ്രചാരണ പരിപാടികളുമായി കൾച്ചറൽ ഫോറം മുന്നോട്ട് പോകുന്നതിൻ്റെ ഭാഗമായി പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധത്തെരുവ് പരിപാടിയിൽ വി. എ. ബാലകൃഷ്ണൻ, വേണുഗോപാലൻ കുനിയിൽ കെ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ.ടി ഗോവിന്ദൻ, എം.ടി മുഹമ്മദ് എൻ.എം പ്രദീപൻ, ടി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.