ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യു.ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഉച്ചയ്‌ക്ക് 12 മണിക്കാണ് ചടങ്ങ്. ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്.
ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും തകര്‍പ്പൻ വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്. എൻ.ഡി.എയ്‌ക്ക് വിജയസാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ബി.ജെ.പി കോട്ടകളില്‍ അടക്കം കടന്നുകയറിയാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്. ഷാഫി വടകരയില്‍ നിന്നും ലോക്‌സഭയിലെത്തിയതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്.
ചേലക്കരയിലെ ചെങ്കോട്ട നിലനിര്‍ത്തിയാണ് യു.ആര്‍ പ്രദീപ് ഇത്തവണയും നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യു.ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്.