ദേശീയപാതയില്‍ വെങ്ങളത്തിനും പൂക്കാടിനും ഇടയില്‍ ഗതാഗത സ്തംഭനം സ്ഥിരമാകുന്നു. വെങ്ങളത്ത് നിന്ന് വടക്കോട്ട് പൂക്കാട് വരെ സര്‍വ്വീസ് റോഡിന് വീതിയില്ലാത്തതും കുണ്ടും കുഴിയുമായി കിടക്കുന്നതുമാണ് ഗതാഗത തടസ്സത്തിന് കാരണം. ഓവ് ചാല്‍ ഉള്‍പ്പടെ ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡ് പണിയേണ്ടത്. എന്നാല്‍ ഈ മേഖലയില്‍ ഏഴ് മീറ്റര്‍ വീതി ഇല്ലാത്തത് കാരണം വലിയ തോതിലുളള ഗതാഗത തടസ്സം ഭാവിയിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുമ്പോള്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മുന്നിലുളള വാഹനത്തെ മറികടക്കാന്‍ സര്‍വ്വീസ് റോഡില്‍ വീതിയില്ല. അതല്ലെങ്കില്‍ സര്‍വ്വീസ് റോഡില്‍ ബസ്സ് ബേ വേണ്ടിയിരുന്നു. അതും ഇവിടെയില്ല. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസ്സുകളും വെങ്ങളത്തിനും പൂക്കാടിനും ഇടയില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. രാവിലെയും വൈകീട്ടുമാണ് ഗതാഗത തടസ്സം കൂടുതലായി അനുഭവപ്പെടുന്നത്.
സര്‍വ്വീസ് റോഡില്‍ പലയിടത്തും കുണ്ടും കുഴിയുമാണ്. ശരിയായ രീതിയില്‍ ടാറിംഗ് നടത്താത്ത അവസ്ഥയുണ്ട്. പൂക്കാട് അടിപ്പാത നിര്‍മ്മിക്കുന്നിടത്തും പലപ്പോഴും റോഡ് തടസ്സം കാരണം വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. പൂക്കാട് സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപവും സര്‍വ്വീസ് റോഡ് ടാറിംഗ് നടത്തിയിട്ടില്ല. ഇവിടെ റോഡ് പൊട്ടി പൊളിഞ്ഞു കിടപ്പാണ്. പൊടി ശല്യവും ഇവിടെ ഉണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വെങ്ങളം, തിരുവങ്ങൂര്‍, വെറ്റിലപ്പാറ, പൂക്കാട് എന്നിവിടങ്ങളില്‍ സര്‍വ്വീസ് റോഡിന് ആവശ്യമായി വീതിയില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.