ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥിയുടെ ജാതിയെക്കുറിച്ച് സംശയം ഉണ്ടായാൽ അതേപ്പറ്റി അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്.
ജാതി സർട്ടിഫിക്കറ്റ് നൽകിയതിൽ തട്ടിപ്പുള്ളതായി സംശയം ഉണ്ടായാൽ റവന്യൂ വകുപ്പിനോ, ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്ന് പറഞ്ഞ കോടതി, പി എസ് സിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും അധികാരമില്ലെന്ന് വ്യക്തമാക്കി. നിർദേശം ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻറേതാണ്.