അരിക്കുളം എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി പുസ്തകപയറ്റ്, പ്രഭാഷണം, അനുമോദനം, ഗാനസന്ധ്യ, ജീവിതം ഡോട്ട് കോം ഏകപാത്ര നാടകം എന്നിവ സംഘടിപ്പിച്ചു. പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും നോവലിസ്റ്റും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തി.
കേരള ഗ്രന്ഥശാല പ്രസ്ഥാനം നാൾവിട്ട വഴികളും പുതിയ കാലഘട്ടത്തിൽ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ലൈബ്രറികൾ ഏറ്റെടുക്കേണ്ട ചുമതലകളെയും പ്രഭാഷണത്തിൽ സൂചിപ്പിച്ചു.5000 രൂപയുടെ പുസ്തകങ്ങൾ പ്രഭാഷകൻ സംഭാവനയായി നൽകുമെന്ന് ഉറപ്പു നൽകി.എം ബി ബി എസ്സ് ബിരുദം നേടിയ Dr ഗായത്രി എൻ നെ അനുമോദിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് അംഗം വി പി അശോകൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ കെ നാരായണൻ, ടി സുരേഷ്, കെ അപ്പു മാസ്റ്റർ,കെ കെ മാധവൻ, വി പി ബാബുഎന്നിവർ സംസാരിച്ചു. നടുവണ്ണൂർ മിനർവ സ്റ്റേഷനറി സ്ഥാപനം ഉടമ എ എം ശിവദാസൻ ലൈബ്രറി സെക്രട്ടറിക്ക് പുസ്തകം നൽകി കൊണ്ട് പുസ്തക പയറ്റിന് തുടക്കം കുറിച്ചു. പരിപാടിയിൽ 425 പുസ്തകങ്ങൾ ലഭിച്ചു . ഒരാഴ്ച്ച കാലം കൂടി പുസ്തക കളക്ഷൻ തുടരും.പ്രദീപൻ പാബിരികുന്നിന്റെ ഏകപാത്ര നാടകം ജീവിതം ഡോട്ട് കോം രജീഷ് പുറ്റാട്ട് അവതരിപ്പിച്ചു. തുടർന്ന് നാട്ടിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാന സന്ധ്യയും അരങ്ങേറി.