തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി. മേഖല തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടതായും കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചത് ഉപഭോഗം കുറയാൻ കാരണമായതായും കെ.എസ്ഇ.ബി വ്യക്തമാക്കി. ബുധനാഴ്ചത്തെ സംസ്ഥാനത്തെ പരമാവധി ഉപഭോഗം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെ ആവശ്യത്തെക്കാൾ 493 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ചത്തെ പരമാവധി ആവശ്യം 5744 മെഗാവാട്ടായിരുന്നു. അതേസമയം വൈദ്യുതോപഭോഗത്തില്‍ വലിയ കുറവ് ഉണ്ടായില്ലെന്നും വകുപ്പ് അറിയിച്ചു. ബുധനാഴ്ചത്തെ വൈദ്യുതോപഭോഗം 10.9 കോടി യൂണിറ്റായിരുന്നു. ചൊവ്വാഴ്ചത്തേത് 11.002 കോടി യൂണിറ്റും.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകീട്ട് 6 നും രാത്രി 12നുമിടയിലുള്ള സമയത്ത് പരമാവധി ഡിമാന്റിൽ കുറവ് വരുത്തുക എന്നതാണ്. കുറവ് വരുത്തുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം എന്നല്ല, അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നതാണ്.
‘നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണം ചെയ്യും. ഉദാഹരണത്തിന്, കേരളത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളാണുള്ളത്. അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽ ഇ ഡി ബൾബ് ഓഫ് ചെയ്താൽത്തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും’, കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചു. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു. ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.