വടകര ലോക്‌സഭാ മണ്ഡലത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ മുന്‍ സര്‍വ്വെകളും ഫല പ്രവചനങ്ങളും മാറി മറിയുന്നു. എം.എല്‍.എമാര്‍, കെ.കെ.ശൈലജയും ഷാഫി പറമ്പിലും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വീറും വാശിയും നല്ലവിധം പ്രകടമാക്കിയ മണ്ഡലമാണ് വടകര. ദേശീയ-സംസ്ഥാന മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വേകള്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം പ്രവചിച്ചിട്ടില്ല. വടകര ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ തലശ്ശേരി ഒഴികെ ആറിലും കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര മാത്രമാണ് യു.ഡി.എഫ് പക്ഷത്തുളളത്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമാണ് വടകരയില്‍. 37 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകള്‍ ഈ മണ്ഡലത്തിലുണ്ട്. നാദാപുരം,കുറ്റ്യാടി മണ്ഡലങ്ങളില്‍ 40 ശതമാനം ന്യൂനപക്ഷ വോട്ട് ഉണ്ട്. കടലോര മേഖലയിലും ന്യൂനപക്ഷങ്ങള്‍ക്കാണ് മൂന്‍ തൂക്കം. ഈ വോട്ടുകള്‍ വടകരയുടെ വിധി നിര്‍ണ്ണയിക്കുമെന്ന് തീര്‍ച്ച.
പാനൂരിലെ ബോംബ് സ്‌ഫോടനം, കെ.കെ.ശൈലജക്കെതിരെ നടന്ന സൈബര്‍ അധിക്ഷേപം, അതിനെതിരെ യു.ഡി.എഫ് നടത്തിയ പ്രത്യാക്രമണം, ടി.പി.വധം എന്നിവയെല്ലാം ഇപ്പോഴും പ്രചരണ രംഗത്തെ വിഷയങ്ങളാണ്. വടകരയിലെ വിജയത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകം ആര്‍.എം.പി. തന്നെയാണെന്നാണ് പ്രമുഖ രാഷ്ട്രിയ നിരീക്ഷകനും മുന്‍ കേന്ദ്ര സര്‍വ്വകലാശാല വി.സിയുമായ ഡോ. ജി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടത്. 35 ശതമാനം മുസ്ലിംവോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. അതില്‍ നല്ലൊരുപങ്കും കഴിഞ്ഞതവണ കെ. മുരളീധരന് നേടാനായി. ആര്‍.എം.പി. രൂപവത്കരണത്തിനു ശേഷവും ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷവും മണ്ഡലത്തിലെ മാറ്റം പരിശോധിക്കുമ്പോള്‍ അത് ഇടത് പക്ഷത്തിന് പ്രതികൂലമായിട്ടാണ് വിലയിരുത്തേണ്ടത്.
എല്‍.ഡി.എഫിന്റെ മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് കെ.കെ.ശൈലജ. ആരോഗ്യ മന്ത്രിയായിരിക്കെ കെ.കെ.ശൈലജ നടത്തിയ ഇടപെടലും, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമെന്ന അംഗീകാരവും അവര്‍ക്കുണ്ട്. ഭാവി മുഖ്യമന്ത്രിയായിട്ടും അവരെ പരിഗണിക്കുന്നു. ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീകളുടെ വലിയ തോതിലുളള പിന്തുണയും അവര്‍ക്കുണ്ട്. എന്നാല്‍ പരമ്പരാഗതമായി സി.പി.എമ്മിനും എല്‍.ഡി.എഫിനും ലഭിക്കുന്ന വോട്ടിനപ്പുറം നേടിയെടുക്കാന്‍ ശൈലജ ടീച്ചര്‍ക്ക് ആവുമോയെന്ന കാര്യത്തിലാണ് സംശയം. ഒന്നരലക്ഷത്തോളമുള്ള പുതിയ വോട്ടുകള്‍, ന്യൂനപക്ഷ വോട്ടുകള്‍ എന്നിവ എല്‍.ഡി.എഫിന് അനുകൂലമാക്കി മാറ്റിയാല്‍ ശൈലജ ടീച്ചര്‍ക്ക് അനായാസം ജയിക്കാം. മണ്ഡലത്തിലെ 35 ശതമാനം വരുന്ന ന്യൂനപക്ഷവോട്ടില്‍ ഭിന്നിപ്പുണ്ടായാല്‍ അതിന്റെ ഗുണവും എല്‍.ഡി.എഫിനു ലഭിക്കും. പക്ഷേ, ഭരണവിരുദ്ധ വികാരം, ആര്‍.എം.പി.യുടെ സ്വാധീനം, ഇടിത്തീ പോലെ വന്നു വീണ പാനുരിലെ ബോംബ് സ്‌ഫോടനം എന്നിവയെല്ലാം യു.ഡി.എഫിന് അനുകൂലഘടകമാണ്. പുതു തലമുറയ്ക്ക് യുവത്വത്തിനോടാണ് താല്‍പ്പര്യം. ഇതും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.
കഴിഞ്ഞ തവണ ശബരിമല വിഷയം ബി.ജെ.പി. ഉയര്‍ത്തിയെങ്കിലും അതിന്റെ ഗുണം ലഭിച്ചത് യു.ഡി.എഫിനാണ്. ഹിന്ദു വോട്ടുകളില്‍ നല്ലൊരു ശതമാനം കെ.മുരളീധരന് ലഭിച്ചിട്ടുണ്ട്. വിശ്വാസികളായ പല സി.പി.എമ്മുകാരും യു.ഡി.എഫിനെയാണ് പിന്തുണച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് ശേഷം സി.പി.എം നേതാക്കള്‍ വീട് വീടാന്തരം കയറി പരാജയ കാരണങ്ങള്‍ മനസ്സിലാക്കിയപ്പോള്‍, ശബരിമലയിലെ യുവതീപ്രവേശമാണ് എല്ലാം തകിടം മറിച്ചതെന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ സി.എ.എ വിഷയം എല്‍.ഡി. എഫ്. ഉയര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ ഗുണവും യു.ഡി.എഫിനാകും ലഭിക്കാന്‍ സാധ്യത.
പ്രവാസികളായ നല്ലൊരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനായി മാത്രം വടകര മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ ഗുണഫലവും യു.ഡി.എഫിനായിരിക്കും. മാത്രവുമല്ല ബംഗളൂര്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരെയും യൂ.ഡി.എഫ് നാട്ടിലെത്തിക്കുന്നുണ്ട്.
2019ല്‍ കെ.മുരളീധരന് 84663 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടത് മുന്നണിയില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുളളത് അവര്‍ക്ക് പ്ലസ് പോയിന്റാണ്. കൂടാതെ സി.പി.എമ്മിലെയും സി.പി.ഐയിലേയും എല്ലാ നേതാക്കളും കെ.കെ.ശൈലജയ്ക്ക് വേണ്ടി ശക്തമായി രംഗത്തുണ്ട്. വടകര അഴിയൂര്‍, ഏറാമല, പാനൂര്‍, കൊയിലാണ്ടി, മേപ്പയ്യൂര്‍, പേരാമ്പ്ര, അരിക്കുളം മേഖലകളില്‍ ആര്‍.ജെ.ഡിയ്ക്ക് സ്വാധീനമുണ്ട്. 2004ല്‍ സതീദേവി ജയിച്ചതില്‍ പിന്നെ സി.പി.എമ്മിനിനെ കൈവിട്ട മണ്ഡലമാണ് വടകര. 2009 ലും 14 ലും മുല്ലപ്പളളി രാമചന്ദ്രനും, 2019 ല്‍ കെ.മുരളീധരനുമാണ് വിജയിച്ചത്. എം.എം.ഷംസീറും, പി.ജയരാജനുമെല്ലാം മുട്ടുമടക്കിയിടത്താണ് കെ.കെ.ശൈലജയെ സി.പി.എം അവതരിപ്പിച്ചത്. വടകര മണ്ഡലത്തില്‍ കരുത്ത് തെളിയിക്കാന്‍ സി.ആര്‍.പ്രഫുല്‍ കൃഷ്ണനും ശക്തമായി രംഗത്തുണ്ട്. തീരദേശ മേഖലയെ ഇളക്കി മറിച്ച് പ്രഫുല്‍ കൃഷ്ണ നടത്തിയ പ്രചാരണം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് പ്രഫുല്‍.