കൊയിലാണ്ടി: നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യം. ആരോ വാരിയെറിഞ്ഞതു പോലെ ചിതറി തെറിച്ച ചെങ്കല്‍ കൂട്ടങ്ങള്‍. കടലോരത്തിന് അഭൗമമായ ഭംഗിയൊരുക്കി പ്രകൃതി തീര്‍ത്ത ഒടിവുകളും ചുളിവുകളും, അങ്ങു ദൂരെ വേലിയിറക്കത്തില്‍ ദൃശ്യമാകുന്ന തകര്‍ന്ന കപ്പലിന്റെ ശേഷിപ്പ്. നന്തി കടലൂര്‍ പോയിന്റ് കടലോരം സഞ്ചാരികളെ മാടി വിളിക്കുന്നു.
നന്തി ടൗണില്‍ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആരെയും ആകര്‍ഷിക്കുന്ന കടലൂര്‍, വളേല്‍ കടലോരത്ത് എത്താം. പാറക്കുട്ടങ്ങളും ചുവന്ന കല്ലുകളും നിറഞ്ഞ കടലോരമാണിത്. കന്യാകുമാരി പോലെ കര കടലിലേക്ക് തളളി നില്‍ക്കുന്ന ഇടമാണിത്. മുമ്പെങ്ങൊ ഈ കടലിലെ ഈ കൊടുവളവില്‍ ഒരു കപ്പല്‍ പാറക്കൂട്ടങ്ങളിലിടിച്ച് തകര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു. വേലിയിറക്കത്തില്‍ തകര്‍ന്ന കപ്പലിന്റെ മുകള്‍ ഭാഗം ദൃശ്യമാകുമെന്നാണ് കടലോരവാസികള്‍ പറയുന്നത്. കടലൂര്‍ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ വടക്കും പയ്യോളി കടപ്പുറവും, തെക്ക് കോഴിക്കോട് വരെയും കാണാം. മൂടാടി ഉരുപുണ്യകാവ് കടലോരവും ഏതാണ്ട് അടുത്താണ്.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടലോരമായതിനാല്‍ കപ്പല്‍ യാത്രക്കാര്‍ക്ക് ദിശാമുന്നറിയിപ്പ് നല്‍കാനാണ് തിക്കോടി കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. ലൈറ്റ് ഹൗസിന് സമീപത്തായിട്ടാണ് ബീച്ച്. 115 വര്‍ഷം മുമ്പാണ് ലൈറ്റ് ഹൗസ് (വിളക്ക് മാടം) സ്ഥാപിച്ചത്. നന്തി ബസാറില്‍ നിന്ന് അരക്കിലോമീറ്റര്‍ പടിഞ്ഞാറ് ഓടോക്കുന്നിലാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 1909 ഒക്ടോബർ 20നാണ് പ്രവര്‍ത്തനം തുടങ്ങിയത്. 114 അടി ഉയരമുളള ലൈറ്റ് ഹൗസ് സമുദ്രനിരപ്പില്‍ നിന്നും 160 അടി ഉയരത്തിലുളളതാണ്. 1907 ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലൈറ്റ് ഹൗസിനായി ഓടോക്കുന്നില്‍ 27 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. തിക്കോടിക്കടുത്ത് വെളളിയാങ്കല്ലില്‍ അപകടാവസ്ഥ ഏറെയുളള ഭാഗമാണ്. ഒരു കപ്പല്‍ പാറയിലിടിച്ചു തകര്‍ന്നത് കൊണ്ടാണ് ലൈറ്റ് ഹൗസ് ഇവിടെ വരാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.
സുനാമി ദുരന്തത്തെ തുടര്‍ന്നാണ് ഈ ഭാഗത്ത് വിശാലമായ തീരം രൂപപ്പെട്ടതെന്ന് സ്ഥലവാസിയായ സി.ആര്‍.റഹ്മാന്‍ പറഞ്ഞു. സുനാമി ദിവസം രാത്രി പെട്ടെന്ന് ഈ ഭാഗത്ത് അതിശക്തമായ കടലേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഏറെ നേരം കഴിയുമുമ്പെ കടല്‍ സാധാരണ ഗതിയിലേക്ക് പിന്‍വാങ്ങിയെങ്കിലും വിശാലമായ ഒരു മണല്‍തിട്ട ഇവിടെ രൂപം കൊളളുകയായിരുന്നു. ഈ ഭാഗത്ത് കാടുകളും വളരാന്‍ തുടങ്ങി. തിക്കോടി കല്ലകത്ത് ഡ്രൈവിഗ് ബീച്ച് പോലെ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാവുന്ന ബീച്ചാണിത്.
ടൂറിസം വകുപ്പും മൂടാടി ഗ്രാമപഞ്ചായത്തും മനസ്സു വെച്ചാല്‍ ഈ തീരത്തേക്ക് സഞ്ചാരികളെ ആറെ ആകര്‍ഷിക്കാന്‍ കഴിയും. ദേശീയപാതയില്‍ നിന്നും അല്‍പ്പ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താന്‍ കഴിയും. തിക്കോടി ലൈറ്റ് ഹൗസ്, കടലൂര്‍ കടലോരം, ഉരുപുണ്യകാവ് ബീച്ച് എന്നിവ സന്ദര്‍ശിച്ച് മടങ്ങാന്‍ കഴിയുന്ന വിധം യാത്രാപഥം ഒരുക്കാന്‍ കഴിയും. പുതുതായി വരുന്ന കാസര്‍ഗോഡ് തിരുവനന്തപുരം തീരദേശ പാത യാഥാര്‍ത്യമാകുമ്പോള്‍ ഈ ബീച്ച് വെളിച്ചത്തേക്ക് വരും.