ജില്ലയില്‍ തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാക്കാന്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിക്കും. വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങള്‍ സിസിടിവി കാമറ വഴി ജില്ലാ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉപയോഗപ്പെടുത്തും. വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികള്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരുടെ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്യും. വീണ്ടും ഇയാള്‍ വോട്ട് ചെയ്യാനെത്തുകയാണെങ്കില്‍ അത് കണ്ടെത്താന്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും.