തൃശ്ശൂർ പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ  സർക്കുലർ പുറത്തിറങ്ങി

 

തൃശ്ശൂർ പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ  സർക്കുലർ പുറത്തിറങ്ങി.  ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്, സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂരിൽ നടക്കും.

തൃശ്ശൂര്‍ പൂരത്തിന് ആവേശം പകരാന്‍ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്നാണ്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ടു  ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. രാവിലെ 11 നാണു തിരുവമ്പാടിയുടെ കൊടിയേറ്റം. നടുവിലാലിലെയും നായ്ക്കനാലിനെയും പന്തലുകളിൽ തിരുവമ്പാടി വിഭാഗം കൊടി ഉയർത്തും. 11.20 നും 12 15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠൻ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള  കൊടിക്കൂറ നാട്ടുക.

Leave a Reply

Your email address will not be published.