സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. സമരത്തിലുണ്ടായിരുന്ന ആറു ആശുപത്രികളുടെ മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ധാരണയിലെത്തി. ഇതോടെ കോഴിക്കോട് ജില്ലയിലെ സമരങ്ങൾ അവസാനിച്ചു. നിലവിൽ മൂന്ന് ആശുപത്രികളിൽ മാത്രമാണ് സമരം തുടരുന്നത്.
അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ, എൽ.എഫ് അങ്കമാലി എന്നീ ആശുപത്രികളിലാണ് ഇനി സമരം അവസാനിക്കാനിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സംസ്ഥാനത്തെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തിലുണ്ടായിരുന്നത്. യുഎൻഎയുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറയിൽ അനിശ്ചിതകാല സമരം നടന്നിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്ക് തുടരുന്നതായും യുഎൻഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
