കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട്: പാളയത്ത് റെയിൽവേ സ്റ്റേഷനുസമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അൽപസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ടെക്സ്റ്റൈൽസിന്റെ രണ്ടാം, മൂന്നാം നിലകളിലേക്കാണ് തീ വേഗത്തിൽ ആളിപ്പടർന്നത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.

തീപടർന്ന ഉടൻ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീ ആദ്യം പടർന്നതെന്നും തുടർന്ന് മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചതാണെന്നും പ്രാഥമിക വിവരം. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോദൗൺ ഭാഗത്തുനിന്നാണ് തീ ആരംഭിച്ചതെന്നാണ് സൂചന.

പതിനായിരം ചതുരശ്ര അടിയോളം വിസ്തൃതിയുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലായി തീ വ്യാപിച്ചിട്ടുണ്ട്. ടെക്സ്റ്റൈൽസിലെ ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്നതാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published.