ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കുമായി ക്യാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ഹോസ്പിറ്റൽ അക്കാദമിക് ഹാളിൽ നടന്ന ചടങ്ങ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. സുനിൽ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. നിധിൻ രാജ് രോഗം നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെയും കൃത്യമായ ചികിത്സയിലൂടെ ക്യാൻസറിനെ അതിജീവിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചും സംസാരിച്ചു. നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി രജിത റെഗുലസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രദേശത്തെ ആശാ വർക്കർമാരും സുരക്ഷാ പാലിയേറ്റീവ് അംഗങ്ങളും പങ്കെടുത്തു.
പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ക്യാൻസർ പ്രതിരോധ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകാശത്തേക്ക് ബലൂണുകൾ പറത്തി. പ്രതീകാത്മകമായി സംഘടിപ്പിച്ച ഈ ചടങ്ങ് പരിപാടിയുടെ പ്രധാന ആകർഷണമായി മാറി.







