കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

/

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം അപകടമുണ്ടാക്കുന്ന തരത്തിലാണ്. ദേശീയപാതയുടെ കിഴക്ക് ഭാഗത്താണ് ടാറിംഗ് നടത്തിയത്. മറുഭാഗം ഒന്നും ചെയ്തില്ല. വാഹനങ്ങള്‍ അമിത വേഗതയില്‍ വരുമ്പോള്‍ ടാര്‍ ചെയ്യാത്ത ഭാഗത്തേക്ക് തെന്നി വീണു സ്ഥിരം അപകടം ഉണ്ടാവുകയാണ്. ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് തെന്നി വീഴുന്നത്. തിങ്കളാഴ്ചയും ഒരു വിദ്യാര്‍ത്ഥിനി സ്‌കൂട്ടറില്‍ നിന്ന് തെന്നി വീണു അപകടം പറ്റി. നടു റോഡില്‍ തെന്നി വീണു ഇരു ചക്രവാഹനത്തില്‍പ്പെട്ടാല്‍ എതിരെ വരുന്ന വാഹനത്തിനുള്ളിലായിരിക്കും അകപ്പെടുക.

നന്തിയില്‍ നിന്ന് ആനക്കുളം വരെയാണ് പൂര്‍ണ്ണമായി ടാറിംഗ് ചെയ്തത്. കൊല്ലം, സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് ചെയ്തിട്ടില്ല. അതുപോലെ കൊയിലാണ്ടി ടൗണിലും പൂര്‍ണ്ണ തരത്തില്‍ ടാറിംങ്ങ് നടത്തിയില്ല. നന്തി മേല്‍പ്പാലം റോഡില്‍ നിറയെ കുഴികളാണ്. പാലത്തിന്റെ സ്ലാബുകള്‍ യോജിപ്പിച്ച ഇടങ്ങളില്‍ റോഡ് മുറിഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ വലിയ ശബ്ദമാണ് ഇതു കാരണം ഉണ്ടാവുക.

Leave a Reply

Your email address will not be published.