എറണാകുളത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് സമ്മാനിച്ചു. നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിശബ്ദതയുടെ സംസ്കാരം രാജ്യമെങ്ങും വ്യാപിച്ചിരിക്കുകയാണെന്നും എതിർക്കേണ്ട കാര്യങ്ങളിൽ പോലും ശബ്ദം ഉയരുന്നില്ലെന്നും ആർത്തിയുടെ രാഷ്ട്രീയമാണ് നിശബ്ദതയുടെ രാഷ്ട്രീയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്ന് നന്ദിയുണ്ടെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. രാഹുലിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നെഹ്‌റു കുടുംബത്തിൽ നിന്ന് രാജ്യത്തിനുവേണ്ടി രണ്ട് പേർ രക്തസാക്ഷികളായി. ചെറുപ്പം മുതൽ രാജ്യത്തിന് വേണ്ടി പലതും ഉപേക്ഷിച്ചയാളാണ് ഇന്ദിരയെന്നും ലീലാവതി പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജ്യം ഭരിക്കുന്ന നാളുകൾ ഉടനുണ്ടാകും. അവാർഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും ലീലാവതി പറഞ്ഞു. പുരസ്കാര സമർപ്പണത്തിനു ശേഷം രാഹുൽ ഗാന്ധി കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയി.







