കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ് , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 36 കുട്ടികളുമായാണ് വണ്ടി കയറുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ കാസർകോഡ് ജില്ലയിൽ നിന്നും എം പി എസ് ജി വി എച്ച് എച്ച് എച്ച്എസ് വെള്ളിക്കോത്തും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കണ്ണൂരിൽ നിന്നും ജി വി എച്ച് എച്ച് എസ് ചിറക്കരയും കോഴിക്കോട് നിന്നും ശ്രീ വാസുദേവ ആശ്രമം ജി എച്ച് എച്ച് എസുമാണ് ജില്ലാ ജേതാക്കളായി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. ഇതിൽ കണ്ണൂരിൽ നിന്നുള്ള ചിറക്കര സ്കൂൾ തുടർച്ചയായി നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സ്കൂൾ കലോത്സവത്തിൽ യുദ്ധവിരുദ്ധ സന്ദേശവും ഫലസ്തീൻ ഐക്യദാർഢ്യവും നൽകി കണ്ണ്കെട്ടി കോൽക്കളി അവതരിപ്പിച്ച് ലോക ശ്രദ്ധ പിടിച്ച് പറ്റിയ ടീം കൂടിയാണ് തലശ്ശേരി ചിറക്കര സ്കൂൾ.ആ ടീമിന്റെ പരിശീലകൻ മുഹമ്മദ് റബിൽ വടകര തന്നെയാണ് ഇത്തവണയും ടീമുകളെ എത്തിക്കുന്നത്. കഴിഞ്ഞ തവണ നേടിയെടുത്ത അതേ വിജയം ഈ വർഷവും നേടിയെടുക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് മൂന്ന് ടീമുകളും തൃശൂരിലേക്ക് വണ്ടി കയറുന്നത്.
അബ്ബാസ് ഗുരുക്കളുടെയും ഹമീദ് ഗുരുക്കളുടെയും നേതൃത്വത്തിൽ ശിഷ്യർ മുഹമ്മദ് റബിൻ വടകരയും,ഷാമിലുമാണ് ഈ ടീമുകളെ പരിശീലിപ്പിച്ച് വരുന്നത്. കഴിഞ്ഞ 12 വർഷങ്ങളായി മുഹമ്മദ് റബിൻ പരിശീലന രംഗത്ത് ഉണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം,സി.ബി.എസ്.ഇ സ്കൂൾ കലോത്സവം, കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കലോത്സവം തുടങ്ങിയവയിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.





