ചേമഞ്ചേരി : ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും. കാലത്ത് 7 മണിക്ക് താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. ശ്രീ കോവിൽ നിർമ്മാണ ശില്പികളെ ക്ഷേത്രം തന്ത്രി ആദരിക്കും.
കാലത്ത് 10 മണിക്ക് മേള കലാരത്നം ശ്രീ സന്തോഷ് കൈലാസ് സോപാന സംഗീതാർച്ചന നടത്തും. വിശേഷ നിവേദ്യമായി ചതുശ്ശ:ത പായസവും ഉണ്ടാവും.
ഉച്ചയ്ക്ക് 12മണിമുതൽ പ്രസാദഊട്ട്. വൈകിട്ട് 3.30 ന് ശ്രീ കോവിൽ സമർപ്പണ സദസ്സ് ആരംഭിക്കും. ശിവാഷ്ടകം (കുച്ചിപ്പുടി ) ഭരതനാട്യം ,ശിവരഞ്ജിനി (ഗാനാര്‍ച്ചന ) എന്നിവയോടെ സമർപ്പണ സദസ്സിന് തുടക്കമാവും. ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജ പി കെ കേരളവർമ്മ, ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാട്, പൂജ ഹരിഹരാനന്ദ സ്വാമിജി, ചലച്ചിത്ര സീരിയൽ താരം രക്ഷാരാജ്, മേള കലാരത്നം സന്തോഷ് കൈലാസ് തുടങ്ങിയവർ ശ്രീകോവിൽ സമർപ്പണ സദസ്സിൽ പങ്കെടുക്കും. ഏകദേശം ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ശില്പ ചാതുരിയിൽ നവീകരണ സംഘാടക സമിതി ശ്രീ കോവിലിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.







