കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് എ ഐ സി സി ജന. സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഷാഫി പറമ്പില്‍ എം.പി, മുസ്ലീംലീഗ് നേതാവ് കെ.എം ഷാജി എന്നിവര്‍ നയിക്കുന്ന റോഡ് ഷോയും സ്ഥാനാര്‍ത്ഥി സംഗമവും സംഘടിപ്പിക്കുമെന്ന് യു ഡി എഫ് മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാല് മണിക്ക് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.
നഗരസഭയിലെക്ക് മത്സരിക്കുന്ന 46 യു ഡി എഫ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും റോഡ് ഷോയില്‍ അണിനിരക്കും. കൊയിലാണ്ടി നഗരസഭയില്‍ അതിശക്തമായ മത്സരമാണ് യു ഡി എഫ് കാഴ്ചവെക്കുന്നത്. ഇത്തവണ മഹാ ഭൂരിപക്ഷത്തോടെ യു ഡി എഫ് നഗരസഭയില്‍ അധികാരത്തിലെത്തും. യു ഡി എഫ് മുന്നേറ്റം തടയാന്‍ പല വാര്‍ഡുകളിലും സി പി എം ബി ജെ പിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഈ ജനാധിപത്യ വിരുദ്ധ കൂട്ടുകെട്ടുകളെ കൊയിലാണ്ടിയിലെ പ്രബുദ്ധരായ ജനത ചെറുത്ത് തോല്‍പ്പിക്കുമെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.
മുപ്പത് വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കുവാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ സാധിക്കും. ഇടത് ഭരണത്തിലെ അഴിമതിയും സ്വജന പക്ഷപാതവും വികസന മുരടിപ്പും വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുവാന്‍ യു ഡി എഫിന് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ മുതിര്‍ന്നവരും ചെറുപ്പക്കാരും ഉള്‍പ്പെടുന്ന മികച്ച സ്ഥാനാര്‍ത്ഥി നിരയും യു ഡി എഫിന് മേല്‍ക്കോയ്മ നല്കുന്നു. മുപ്പതിലധികം സീറ്റുകള്‍ ഇത്തവണ യു ഡി എഫ് നേടുമെന്നും മുനിസിപ്പല്‍ കമ്മിറ്റി ചെയര്മാന് അന്‍വര്‍ ഇയ്യഞ്ചേരി, കണ്‍വീനര്‍ കെ.പി വിനോദ് കുമാര്‍ ,വി പി ഇബ്രാഹിം കുട്ടി, എ.അസീസ് ,അരുണ്‍ മണമല്‍ എന്നിവര്‍ പറഞ്ഞു.



