കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള തേക്കുമരം 16-11-25 ഞായറാഴ്ച കാലത്ത് 9 മണിക്കു മുമ്പായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപത്തുനിന്നും ഭക്ത ജനങ്ങൾ താലപ്പൊലി, മുത്തുക്കുടകൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ തേക്കുമരം സ്വീകരിച്ച് ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി ആനയിക്കും.
2027 ജനുവരിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ചാണ് ധ്വജപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അതോടൊപ്പം പുതിയതീർത്ഥക്കുളത്തിന്റെ നിർമ്മാണവും പൂർത്തീകരിക്കും.
തൃശൂർ ജില്ലയിലെ എരുമപ്പെട്ടി തിച്ചൂരിലെ പൊന്നും കുന്ന് എസ്റ്റേറ്റിൽ നിന്നാണ് ധ്വജപ്രതിഷ്ഠക്കുള്ള തേക്ക് കണ്ടെത്തിയത്.കൂടാതെ അന്നേ ദിവസം വൈകുന്നേരം 6.30 ന് മലബാറിന്റെ വാദ്യകുലപതി ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ ചെണ്ടപഠനം പൂർത്തിയാക്കിയ മേലൂർ ശിവക്ഷേത്രം നടരാജ കലാക്ഷേത്രം വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടക്കുന്നു.






