കൊയിലാണ്ടിയിൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകേഷ് കെ ബി. നഷ്ടപ്പെട്ട ബമ്പർ ടിക്കറ്റ് തിരികെ നൽകി.
രാവിലെ പതിവുപോലെ ലോട്ടറി അടങ്ങിയ ബാഗുമായി പ്രായമായ അമ്മ വീട്ടിൽ നിന്നും ഇറങ്ങി. കൊയിലാണ്ടി സ്റ്റാൻഡ് വഴി ലോട്ടറി ഒക്കെ വിറ്റ് കൊണ്ട് ഫയർ സ്റ്റേഷനു മുന്നിലൂടെ ഹൈവേയിൽ എത്തി. ഒരു യാത്രക്കാരൻ ബമ്പർ ടിക്കറ്റിന് ചോദിച്ചപ്പോൾ കൊടുത്തു. ബാക്കിയുള്ളത് ഒന്നു കൂടി എണ്ണി നോക്കിയപ്പോൾ ഒരു ബംബർ ടിക്കറ്റ് കുറവുണ്ട്.
അമ്മ നെഞ്ചത്ത് കൈവച്ചുപോയി. ഈശ്വരാ….500 രൂപയുടെ ടിക്കറ്റ് ആണ് ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ നടന്നാൽ എനിക്ക് 500 രൂപ ലാഭം കിട്ടില്ല. പിടയുന്ന ചങ്കുമായി അവർ വന്ന വഴി തിരിച്ചു നടന്നു. ഫയർ സ്റ്റേഷനു അടുത്ത് എത്തിയപ്പോൾ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തന്റെ വരവും നോക്കി നിൽക്കുന്നതുപോലെ അവർക്ക് തോന്നി. ഈറനണിഞ്ഞ കണ്ണുമായി സ്റ്റേഷന് മുന്നിലൂടെ നടക്കുമ്പോൾ ഉദ്യോഗസ്ഥർ പെട്ടെന്ന് അടുത്ത വരികയും അമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
പതിവുപോലെ 9 മണിക്കുള്ള പാറാവു ഡ്യൂട്ടിക്ക് നിൽക്കുകയായിരുന്നു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകേഷ് കെ ബി. സ്റ്റേഷനു മുന്നിലുള്ള റോഡിലേക്ക് ഒന്നു കണ്ണോടിക്കുമ്പോഴാണ് താഴെ വീണു കിടക്കുന്ന ബംബർ ലോട്ടറി ടിക്കറ്റിൽ അദ്ദേഹത്തിന്റെ കണ്ണുടക്കിയത്. ഉടൻതന്നെ അതെടുത്തു പരിശോധിച്ചു. ഇത് പുതിയ ബമ്പർ ടിക്കറ്റ് തന്നെ. ആരുടെയോ കയ്യിൽ നിന്ന് വീണു പോയതാണ്. നേരത്തെ ലോട്ടറി വിൽക്കുന്ന പ്രായമായ ഒരമ്മ അതു വഴി പോകുന്നത് ഇദ്ദേഹം കണ്ടിരുന്നു. ഒരുപക്ഷേ അവരിൽ നിന്ന് വീണതാകാം. ശേഷം ആ വഴി പോകുന്നു യാത്രക്കാരോട് ലോട്ടറി വിൽക്കുന്ന സ്ത്രീയെ കണ്ടാൽ സ്റ്റേഷനിലേക്ക് വരാൻ പറയുകയും ചെയ്തു.
പത്തായാലും ലക്ഷങ്ങൾ ആയാലും കോടികൾ ആയാലും ഭാഗ്യവും സാമ്പാദ്യവും എത്തേണ്ടത് നേരായ വഴിയായിരിക്കണം എന്ന് ചിന്തിക്കുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ് സുകേഷ് കെ ബി. സ്റ്റേഷനിലേക്ക് എത്തിയ നാരായണി അമ്മ സുകേഷിന്റെ കയ്യിൽ നിന്നും 500 രൂപയുടെ ബംമ്പർ ടിക്കറ്റ് തിരികെ മേടിച്ചു. തന്റെ ഒരു ദിവസത്തെ അധ്വാനത്തിന്റെ വിലയുള്ള ബമ്പർ ടിക്കറ്റ് തിരികെ വാങ്ങി സുകേഷിനും സ്റ്റേഷൻ ജീവനക്കാർക്കും നന്ദി പറഞ്ഞു നാരായണിയമ്മ വീണ്ടും തന്റെ തൊഴിലിടങ്ങളിലേക്ക് ……….
ലോട്ടറി കടയിൽ നിന്നും പതിനായിരങ്ങൾ വിലമ തിക്കുന്ന ടിക്കറ്റ് കളവുപോയ വാർത്ത കേട്ട കൊയിലാണ്ടിൽ നിന്നു തന്നെ ഇത്തരം നന്മയും സാമൂഹിക ബോധവും ഉതകുന്ന കാര്യങ്ങൾ നടക്കുന്നു എന്നത് തന്നെ ആശ്വാസകരമാണ്.