നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലായി; നന്തി സ്റ്റാര്‍ട്ടിംങ്ങ് പോയിന്റില്‍ അനിശ്ചിതത്വം

/

കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഭാഗം കൊല്ലത്തിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലായിരുന്നു. പിന്നെ ബൈപ്പാസ് ആരംഭിക്കുന്ന നന്തി ടൗണിലും. പന്തലായനിയ്ക്കും കൊല്ലം നെല്യാടി റോഡിലെ അടിപ്പാതയ്ക്കും ഇടയില്‍ ബൈപ്പാസ് റോഡ് മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുളളില്‍ ഇവിടെ മണ്ണിട്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും. പന്തലായനി കൂമന്‍ തോട് റോഡില്‍ പുതുതായി നിര്‍മ്മിക്കുന്ന അണ്ടര്‍പാസിന്റെ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞാല്‍ ഇവിടെയും പ്രവൃത്തി നടക്കും. കുന്ന്യോറ മല ഭാഗത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ മല ഇടിച്ച സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍, സ്ഥലം ഏറ്റെടുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം എന്‍ എച്ച് എ ഐയുടെ പരിഗണനയിലാണ്.

നന്തിയില്‍ നിലവിലുളള ദേശീയപാതയുമായി ബൈപ്പാസ് സന്ധിക്കുന്നിടത്ത് പ്രവൃത്തി ഏറെ മുന്നേറാനുണ്ട്. ഇവിടെ നിര്‍മ്മിച്ച അണ്ടര്‍പാസുമായി ബൈപ്പാസ് റോഡിനെ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമേ ചെങ്ങോട്ടുകാവ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കണ്ണൂര്‍ റോഡിലേക്ക് കടക്കാന്‍ കഴിയുകയുളളു. നന്തി ശ്രീശൈലം കുന്നിലേക്കുളള ചെറുപാതയിലൂടെയാണ് വാഹനങ്ങള്‍ ഇപ്പോള്‍ ഓടുന്നത്. ഈ റോഡ് തകര്‍ന്ന് കിടപ്പാണ്. എന്നാലും ധാരാളം വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറാന്‍ ഇതു വഴി വരുന്നുണ്ട്. ഈ സ്ഥലത്ത് കൂടി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ യാത്ര സുഖകരമാകും.

നന്തിയില്‍ ശ്രീശൈലം കുന്നിനും പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസിനും ഇടയിലുളള 300 മീറ്റര്‍ നീളത്തില്‍ ആറ് വരിപാത നിര്‍മ്മാണത്തിന് മണ്ണിട്ട് ഉയര്‍ത്തുന്നതിന് പകരം എലിവേറ്റഡ് ഹൈവെ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 10 മീറ്റര്‍ ഉയരത്തിലും 300 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും മണ്ണിട്ട് ഉയര്‍ത്തണമെങ്കില്‍ വലിയ തോതില്‍ മണ്ണ് ആവശ്യമാണ്. ഇതിന് പരിഹാരമായിട്ടാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം.

നന്തി-കീഴൂര്‍ റോഡിലൂടെയുളള ഗതാഗതം തടസ്സപ്പെടുത്തി ബൈപ്പാസ് നിര്‍മ്മിക്കരുതെന്നും ഇവിടെ അണ്ടര്‍പാസ് പണിയണമെന്നുമാണ് മൂടാടി ഗ്രാമ പഞ്ചായത്തിന്റെ ആവശ്യമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാര്‍ പറഞ്ഞു. നന്തിയില്‍ നിന്ന് ചിങ്ങപുരം, പളളിക്കര, കീഴൂരിലേക്ക് എത്താവുന്ന റോഡില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല. ബൈപ്പാസ് റോഡ് മുറിച്ചു കടക്കുന്ന കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിലെ കോമത്തുകരയില്‍ സര്‍വ്വീസ് റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസിന്റെ വശത്തിലൂടെ വരുന്ന സര്‍വ്വീസ് റോഡ് കോമത്തുകരയില്‍ നിലവിലുളള സംസ്ഥാന പാതയുമായി കൂടിച്ചേരും. സംസ്ഥാനപാത വഴി കടന്നു വരുന്ന വാഹനങ്ങള്‍ക്ക് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കാനും, സര്‍വ്വീസ് റോഡ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാന പാതയിലേക്ക് കയറാനും ഇവിടെ സൗകര്യമുണ്ടാവും. ചെങ്ങോട്ടുകാവില്‍ നിലവിലുളള ദേശീയ പാതയും ബൈപ്പാസ് കൂട്ടിമുട്ടുന്നിടത്ത് നിര്‍മ്മിച്ച മേല്‍പ്പാലത്തിലേക്ക് ബൈപ്പാസിനെ ബന്ധിപ്പിക്കാനുളള റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാവാനുണ്ട്.

ചെങ്ങോട്ടുകാവിനും നന്തിയിക്കും ഇടയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് യാഥാര്‍ത്യമാകുന്നത്. ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ കൊയിലാണ്ടി നഗരത്തില്‍ അനുഭവപ്പെടുന്ന തീരാത്ത യാത്രാദുരിതത്തിന് അറുതിയാവും. ദീര്‍ഘദൂര വാഹനങ്ങള്‍ എല്ലാം തന്നെ ബൈപ്പാസിലൂടെ കടന്നു പോകുന്നതോടെ നിലവിലെ ദേശീയ പാതയിലെ കുരുക്കഴിയും. കാലങ്ങളായി യാത്രാക്ലേശം അനുഭവിച്ചിരുന്ന പന്തലായനി മേഖല ബൈപ്പാസ് വരുന്നതോടെ തുറക്കുകയാണ്. ആറ് വരിപ്പാതയോടനുബന്ധിച്ചുളള സര്‍വ്വീസ് റോഡുമായി പല ഇടറോഡുകളും ബന്ധിപ്പിച്ചാല്‍ യാത്ര സൗകര്യം ഇനിയും വര്‍ധിക്കും.

Leave a Reply

Your email address will not be published.

Previous Story

ഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് അന്തരിച്ചു

Next Story

സംസ്ഥാനത്ത് സിപിആർ (കാർഡിയോ പൾമണറി റെസിസിറ്റേഷൻ) പരിശീലനം നൽകുന്ന പദ്ധതി സെപ്റ്റംബർ 29 മുതൽ

Latest from Koyilandy

കാപ്പാട്-പൂക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

  കാപ്പാട്-പൂക്കാട് റോഡില്‍ (ഗൾഫ് റോഡ്) കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

അധ്യാപക ഒഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ യുപിഎസ് എ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 22 ന് തിങ്കളാഴ്ച

ജനാധിപത്യാവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല; അഡ്വ കെ പ്രവീൺ കുമാർ

  കീഴരിയൂർ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെയും വോട്ടർപ്പട്ടിക കൃതൃമത്തിലൂടെയും ജനാധിപത്യത്തെ അടിമറിച്ച് തുടർ ഭരണം നേടാമെന്ന സി.പി.എമ്മിന്റെ മോഹം

കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ 19 മുതൽ

വികസനരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കൊയിലാണ്ടി നഗരസഭ കഴിഞ്ഞ 5 വർഷങ്ങൾ ജനങ്ങൾക്കായി ലഭ്യമാക്കിയ നേട്ടങ്ങൾ വിവരിക്കുന്നതിനായി