കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ ബാബുവിനെ ആദരിച്ച് നാട്. എവറസ്റ്റ് ബേസ് ക്യാമ്പ് (EBC) കീഴടക്കിയ കോഴിക്കോട് സാവിയോ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ എബിന് അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) കോഴിക്കോട് ചാപ്റ്ററാണ് വീരോചിതമായ വരവേൽപ്പ് നൽകിയത്.
വെള്ളിമാടുകുന്ന് അർച്ചന നഗറിലെ ഡോ. ഷീബ നൈനാന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ, ARDSI കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് ഡോ. ഷീബ നൈനാൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് എ. മുഖ്യാതിഥിയായിരുന്നു. എബിന്റെ ഈ അസാധാരണ നേട്ടത്തിന് അദ്ദേഹം മൊമന്റോ നൽകി ആദരിച്ചു.തുടർന്ന്, കൗൺസിലർ ടി.കെ. ചന്ദ്രൻ, സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാദർ സൈമൺ, സാവിയോ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ടോജൻ തോമസ്, വെള്ളിമടുകുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരാജ്, സാമാന്യ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷണ്മുഖൻ, അർച്ചന റെസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ സദാനന്ദൻ, റിട്ടയേർഡ് പ്രൊഫസർ ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ എബിന് ആശംസകൾ അറിയിച്ചു.
മറുപടി പ്രസംഗത്തിൽ, തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയെക്കുറിച്ച് എബിൻ ബാബു സംസാരിച്ചു. ചടങ്ങിൽ എബിന്റെ മാതാപിതാക്കളായ ബാബു തോമസും ലിസിയും മകന്റെ സാഹസിക യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ARDSI കോഴിക്കോട് ചാപ്റ്റർ സെക്രട്ടറി സോളി ജോസ് നന്ദി പ്രസംഗം നടത്തി.
മുന്നോട്ടുള്ള ജീവിതത്തിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ നേട്ടം എബിന് പ്രചോദനമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.