ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ് ചെയ്യുന്നത്. ഇതു കാരണം റോഡിലുടനീളം ഉയര്‍ച്ച താഴ്ചകള്‍ ദൃശ്യമാണ്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഈ ഉയര്‍ച്ച താഴ്ചകള്‍ ശരിക്കും അനുഭവപ്പെടും. വലിയ ചക്രങ്ങള്‍ ആയതിനാല്‍ ബസ്സുകള്‍ക്കും ഭാരം കയറ്റിയ ലോറികള്‍ക്കും പാച്ച് വര്‍ക്ക് കൊണ്ടുളള പ്രശ്‌നം അത്ര കാര്യമല്ല. എന്നാല്‍ ഇരുചക്രവാഹനത്തില്‍, പ്രത്യേകിച്ച് സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നവര്‍ക്കാണ് ഏറെ പ്രയാസം. പലപ്പോഴും ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് വാഹനത്തിലെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിയാനും ഇടയാക്കും.
റോഡരികാണെങ്കില്‍ വലിയ താഴ്ചയുമാണ്. പെട്ടെന്ന് വെട്ടിച്ചു മാറ്റാന്‍ ഇതു വഴി പോകുമ്പോള്‍ ആവില്ലെന്ന് സ്‌കൂട്ടര്‍ യാത്രക്കാരി റസീന പറഞ്ഞു.
ദേശീയ പാതയില്‍ മൊത്തത്തിലുളള ടാറിംങ്ങ് നടത്തിയാലെ ഉയര്‍ച്ച താഴ്ചകള്‍ പരിഹരിക്കുകയുളളു. എന്നാല്‍ മൂന്ന് വര്‍ഷത്തിലെറെയായി ഒന്നിച്ചുളള ടാറിംങ്ങ് നടത്താറില്ല.
മഴക്കാലത്ത് റോഡ് തകര്‍ച്ച സ്വാഭാവികമാണെന്നാണ് ദേശീയപാതാധികൃതര്‍ പറയുക. എന്നാല്‍ ഇതിന് അപവാദമാണ് താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാത.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പാത ടാറിംങ്ങ് നടത്തിയത്. ഇതു വരെ ഈ പാതയില്‍ കാര്യമായ പോറലുകള്‍ പോലുമുണ്ടായിട്ടില്ല. സംസ്ഥാന പാതയായതിനാല്‍ ബസ്സുകളും ലോറികളും മറ്റ് വാഹനങ്ങളും നിരന്തരം പോകുന്ന പാതയാണിത്. വായനാടിലേക്കുളള പാതയായതിനാല്‍ ഭാരം കയറ്റിയ വാഹനങ്ങളും യഥേഷ്ടം പോകാറുണ്ട്. എന്നിട്ടും ഈ മഴക്കാലത്ത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാത തകര്‍ന്നിട്ടില്ല. നേരെ മറിച്ച് ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെ ദേശീയ പാതയുടെ സ്ഥിതി അതീവ ഗുരുതരമാണ്. പാച്ച് വര്‍ക്ക് നടത്തുന്നതിന് പകരം കുറച്ചു കൂടി വീതി കൂട്ടി നിലവിലുളള ദേശീയ പാത ടാര്‍ ചെയ്തു വികസിപ്പിക്കുകയാണ് വേണ്ടത്. റോഡരികുകള്‍ മണ്ണോ കോണ്‍ക്രീറ്റോ ഉപയോഗിച്ച് ബലപ്പെടുത്തുകയും വേണം. ബസ്സുകള്‍ നിര്‍ത്താന്‍ ബസ്സ് ബേകളും നിര്‍മ്മിക്കണം.