ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം ഇനിയും പുനര്‍ നിര്‍മ്മിച്ചില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ ഏടുകളിലൊന്നായ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചേമഞ്ചേരി ഗ്രാമം വഹിച്ച പങ്ക് അടയാളപ്പെടുത്താനാണ് ക്വിറ്റ് ഇന്ത്യാ സമര സ്തൂപം നിര്‍മ്മിച്ചത്. ഈ സ്തൂപമാണ് ഹൈവേ വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്തത്.
ദേശീയപാതയുടെ വികസനത്തിനു വേണ്ടി സ്മാരകം പൊളിച്ചു നീക്കുന്നത് സ്വാഭാവികമാണ്. സ്മാരകം അതേമട്ടില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ഹൈവേ അതോറിറ്റി ഉറപ്പു നല്‍കിയതായിരുന്നുവെന്ന് ചരിത്ര സ്മാരക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.ശങ്കരന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അതിനുളള നടപടിക്രമങ്ങള്‍ നടപ്പായിട്ടില്ല. രജിസ്ട്രാര്‍ ഓഫീസ് നില്‍ക്കുന്ന സ്ഥലം പഞ്ചായത്ത് വിലക്കെടുത്ത് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതാണ്. ഇവിടെ സ്മാരകം സ്ഥാപിക്കണമെങ്കില്‍ ഇനി രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വേണം. അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കുകയും എം എല്‍ എ മുഖേന ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും സ്മാരകം പുനര്‍ നിര്‍മ്മിച്ചിട്ടില്ല.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ചേമഞ്ചേരിയില്‍ ഈ ചരിത്ര സ്മാരകം സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് ഒട്ടെറെ നേതാക്കളും പ്രവര്‍ത്തകരും ചേമഞ്ചേരിയില്‍ ഉണ്ടായിരുന്നു. 1930 -ലെ നിയമലംഘന സമരത്തില്‍ പങ്കെടുത്ത് ആദ്യമായി ജയില്‍വാസം വരിച്ച കാരോളി ഉണ്ണി നായരില്‍ തുടങ്ങി, 1942 ലെ ഐതിഹാസികമായ ഓഗസ്റ്റ് വിപ്ലവം കാലം വരെ ഒട്ടെറെ സമരഭടന്മാര്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും ജയില്‍ ശിക്ഷയ്ക്കും കൊടിയ പോലീസ് മര്‍ദ്ദനത്തിനും വിധേയരായിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത 25ലധികം അധികം പോരാളികള്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ കുറെ പേര്‍ക്കൊക്കെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ പെന്‍ഷനും താമ്ര പത്രവും ലഭിച്ചിരുന്നു. അര്‍ഹരായ പലരും ഒരു ആനുകൂല്യവും ആദരവും ലഭിക്കാതെ മണ്‍ മറഞ്ഞു പോയി. ക്വിറ്റ് ഇന്ത്യാ സമര കാലത്താണ് ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്ന നാലു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടത്. ‘സ്വതന്ത്ര ഭാരതം’ എന്ന പത്രവും ഇവിടെ നിന്ന് അച്ചടിച്ച് വിതരണം ചെയ്തിരുന്നു.