ചേളന്നൂർ പാലത്ത് – കാവിൽ താഴത്ത് റോഡരികിലെ വയലിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ചേളന്നൂർ പാലത്ത് – കാവിൽ താഴത്ത് റോഡരികിലെ വയലിൽ സാമൂഹ്യവിരുദ്ധർ ഇന്ന് പുലർച്ചെയോടെ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തെ തുടർന്ന് അധികൃതർ അടിയന്തരമായി സ്ഥലം സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ, 8ാം വാർഡ് മെംബർമാരായ ശ്രീകല ചുഴലി പ്പുറത്ത് വി.എം. ചന്തുക്കുട്ടി, എട്ടാംവാർഡ് കൺവീനർ അബ്ദുസ്സലാം, മുൻ വാർഡ് മെംബർ എ.എം. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ എന്നിവർ ചേർന്ന് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാർഡ് കൺവീനർ അബ്ദുസ്സലാം, മുൻ മെമ്പർ എ.എം. രാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ, എട്ടാം വാർഡ് മെമ്പർ ശ്രീകല, ജി.എച്ച്.ഐ ഷാജി, ആശാ വർക്കർ ബാഷിത പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ സമീപത്തെ യൂനിയൻ സ്കൂളിലും പി.എച്ച്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമുള്ള കിണറുകളിലും ക്ലോറിനേഷൻ ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കാക്കൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് മാലിന്യം നിക്ഷേപിച്ചതെന്ന് വ്യക്തമല്ല. ഇത്തരമൊരു സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.