ശ്രീ പിഷാരികാവ് ദേവസ്വം ഇല്ലം നിറ ജൂലായ് 31 കാലത്ത് നടക്കും. കർക്കിടകമാസത്തിൽ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലം നിറ. ആദ്യ കൊയ്ത്തിൻ്റെ നെൽ കതിരുകൾ ക്ഷേത്രത്തിലെ കിഴക്കെ അരയാൽ ചുവട്ടിൽ ആചാരപ്രകാരം എത്തിക്കുകയാണ് ആദ്യ ചടങ്ങ് . തുടർന്ന് ശ്രീലകത്തിലേയും നാലമ്പലത്തിലെയും പത്തായപ്പുരയുടെയും കവാടങ്ങളിൽ അരിമാവണിഞ്ഞശേഷം ക്ഷേത്രം മേൽശാന്തി നെൽ കതിരിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തുകയും കതിർകറ്റകൾ ശാന്തിക്കാർ എടുത്ത് തലയിലേറ്റി വരിയായി ഒറ്റ ചെണ്ട വദ്യത്തോടെ ക്ഷേത്രപ്രദക്ഷിണം വെച്ച് നമസ്‌കാര മണ്ഡപത്തിലേക്ക് എത്തിക്കുകയും ചെയ്യും. തുടർന്ന് മേൽശാന്തി സർവൈശ്വര്യപൂജയും ലക്ഷ്മി പൂജയും നടത്തിയ ശേഷം നെൽ കതിരുകളിൽ ഒരു പിടി ശ്രീ പിഷാരികാവിലമ്മക്കും ശ്രീമഹാദേവനും ഉപദേവന്മാർക്കും സമർപ്പണം നടത്തിയശേഷം ക്ഷേത്രം പത്തായപ്പുരയിലും വെക്കുന്നു. അതിനുശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. ആചാരാനുഷ്‌ഠനത്തോടെ ഏറ്റുവാങ്ങുന്ന നെൽ കതിരുകൾ ഭക്തർ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.ഇത് സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കും എന്നതാണ് വിശ്വാസം.
