കൊയിലാണ്ടി: കൊയിലാണ്ടി നഗര മധ്യത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡിലും,കാപ്പാട്-കൊയിലാണ്ടി ഹാര്‍ബര്‍ റോഡിലും യാത്ര അതി കഠിനമാകുന്നു. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ റോഡ് പാടെ തകര്‍ന്ന മട്ടാണ്. ഇതെ അവസ്ഥയാണ് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് കാപ്പാട് തുവ്വപ്പാര വരെയുളള റോഡിലും. മഴക്കാലത്ത് കൊയിലാണ്ടി നഗരകുടിവെളള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തതാണ് നഗര മധ്യത്തില്‍ റോഡ് ഇത്ര തകരാന്‍ കാരണം. റോഡ് വശത്ത് കീറിയ കുഴികള്‍ മണ്ണും അല്‍പ്പം ക്വാറി വെയ്സ്റ്റും തളളി നികത്തിയതല്ലാതെ ടാര്‍ ചെയ്യുകയോ,കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്തില്ല. ചാലുകള്‍ ഇടിഞ്ഞതോടെ കുഴികളുടെ വലുപ്പവും കൂടി. കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് മുതല്‍ ചെങ്ങോട്ടുകാവ് വരെ വാഹനങ്ങള്‍ നിരങ്ങി നീങ്ങുകയാണ്. ബസ്സുകള്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും മുത്താമ്പി റോഡ് വഴി വന്ന് പുതിയ ബൈപ്പാസ് വഴി ചെങ്ങോട്ടുകാവിലെത്തുകയാണ് ചെയ്യുന്നത്. ഹ്രസ്വദൂര ബസ്സുകളും ഇതു വഴി ഓടുമ്പോള്‍ ചെങ്ങോട്ടുകാവ് അരങ്ങാടത്ത്,മീത്തലെ പളളി ഭാഗങ്ങളില്‍ ഇറങ്ങാനുളളവര്‍ക്ക് പ്രയാസമാകും.
രണ്ട് മൂന്ന് ദിവസം മുമ്പ് പൈപ്പ് ചാലുകീറിയിടുന്ന പ്രവൃത്തി കരാറെടുത്തവര്‍ പാറപ്പൊടി കുഴികളില്‍ നിക്ഷേപിച്ചെങ്കിലും ശക്തമായ മഴയില്‍ അവയെല്ലാം ഒഴുകി പോയി. കൊയിലാണ്ടി നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ഒരു ബദല്‍ മാര്‍ഗ്ഗമായിരുന്നു ഹാര്‍ബര്‍ കാപ്പാട് തീരപാത. എന്നാല്‍ ഈ പാതയിലൂടെ ഒരു തരത്തിലും വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. വലിയ കുഴികളില്‍ വെളളം കുളം പോലെ കെട്ടി നില്‍ക്കുകയാണ്. രണ്ട് ബസ്സുകള്‍ എന്തോ ഭാഗ്യത്തിന് ഇപ്പോഴും ഓടുന്നത് മാത്രമാണ് തീര വാസികളുടെ ഏക ആശ്വാസം. ഹാര്‍ബറിലേക്ക് വരേണ്ട മത്സ്യതൊഴിലാളികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍,മീന്‍ കയറ്റാനെത്തുന്ന വാഹനങ്ങള്‍ എന്നിവയ്‌ക്കൊന്നിനും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കടലോര മേഖലയിലെ കുട്ടികളും സ്‌കൂളിലെത്താന്‍ പ്രയാസപ്പെടുകയാണ്.