‘ നാടെങ്ങും മദ്യമൊഴുക്കി, കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല’ എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി, ആരംഭിച്ച പ്രചാരണ ജാഥ തുടരുന്നു

‘ നാടെങ്ങും മദ്യമൊഴുക്കി, കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല’ എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി, ആരംഭിച്ച പ്രചാരണ ജാഥയുടെ സ്വീകരണ യോഗങ്ങൾ ഇന്ന് കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ നടന്നു.  വൈകുന്നേരം നാല് മണിക്ക് കുറ്റ്യാടിയിലും 5.30ന് വടകരയിലും നടക്കും.

‘മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കും’ എന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം നല്കിയ എൽ.ഡി.എഫ്. അധികാരം ലഭിച്ചപ്പോൾ, മുമ്പൊരിയ്ക്കലുമുണ്ടാകാത്തവിധം മദ്യലഭ്യതയും ഉപയോഗവും കേരളത്തിൽ വർദ്ധിപ്പിച്ചു. ‘ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്ക്കൂളുകളായിരിക്കും’ എന്ന് പരസ്യം നല്കി വോട്ട് നേടിയവർ , ഒൻപതര വർഷത്തിനിടെ സംസ്ഥാനത്ത് ബാറുകൾ 30 ഇരട്ടി (29-ൽ നിന്ന് 884 ലേയ്ക്ക്) വർദ്ധിപ്പിച്ച്, ആളുകളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്നു. ഇത് കൊടും വഞ്ചനയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം (പഞ്ചായത്തീരാജ് ആക്ടിലെ 232, 447 വകുപ്പുകൾ) റദ്ദ്ചെയ്തും ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരവ്യവസ്ഥ ലഘൂകരിച്ചും മദ്യവ്യാപനത്തിന് കൂട്ടുനിന്ന സർക്കാർ, ഏറ്റവുമൊടുവിൽ ബാറുകളുടെപ്രവർത്തന സമയം 2 മണിക്കൂർ വർദ്ധിപ്പിച്ച് രാത്രി 12 മണി വരെയാക്കി. ബാറുകളുടെ സമയം ദീർഘിപ്പിച്ച് നൽകിയത് ഫണ്ട് നൽകിയതിനുള്ള സി.പി.ഐ (എം) ൻ്റെ പ്രത്യുപകാരമാണ്. ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ വേണ്ടിയാണ് ബാർ സമയം വർദ്ധിപ്പിച്ചത് എന്ന എക്സൈസ് മന്ത്രിയുടെ വിശദീകരണം, സർക്കാരിൻ്റെയും സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും സാമ്പത്തിക താല്പര്യം മറച്ച് പിടിയ്ക്കാനുള്ള തന്ത്രം മാത്രമാണ്.

സംസ്ഥാനത്തെ ബാറുകളിൽ ഇപ്പോൾ വില്ക്കുന്നതിൽ വലിയൊരു പങ്ക്, കണക്കിൽ പെടുത്താത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. പരിശോധനയോ കേസെടുക്കലോ നടത്താതെ, എക്സൈസ് – പോലീസ് ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കളും ഈ നിയമ ലംഘനത്തിന് സഹായം ചെയ്യുന്നു. ബിവറേജസ് കോർപ്പറേഷൻ്റെ വില്പനക്കണക്കിൽ നിന്നും വ്യക്തമാകുന്നത്, 2 ലക്ഷം കെയ്സ് വിദേശമദ്യം മാത്രമാണ് ഒരു മാസം സംസ്ഥാനത്തെ മുഴുവൻ ബാറുകളും കൂടി വാങ്ങുന്നത് എന്നാണ്. അതായത് ഒരു ദിവസം സംസ്ഥാനത്തെ 884 ബാറുകാരും കൂടി വാങ്ങുന്നത് 6,666 കെയ്സ്. ഒരു ബാർ വാങ്ങുന്നത് ആവറേജ് 7.5 കെയ്സ് ( 750 ml ൻ്റെ 90 കുപ്പി). 90 കുപ്പി മദ്യമല്ല ഒരു ബാറിൽ ഒരു ദിവസം വിൽക്കുന്നത് എന്നും അത്ര മാത്രമേ വില്പനയുള്ളുവെങ്കിൽ, ലാഭകരമായി ബാറുകൾ നടത്തുവാൻ ആർക്കും കഴിയില്ലെന്നും വ്യക്തമല്ലേ?

മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധമുളള കേരളത്തിലെ വർദ്ധിച്ച മദ്യാസക്തി , ജനങ്ങളെ പ്രലോഭിപ്പിച്ചുo അനുകൂല സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തും ഭരണാധികാരികളും അബ്കാരികളും ചേർന്ന് ആസൂത്രിതമായി വളർത്തിയെടുത്തതാണ്.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (സംസ്ഥാന പ്രസിഡൻ്റ്, കേരള മദ്യനിരോധനസമിതി), ഡോ. വിൻസെന്റ് മാളിയേക്കൽ (സംസ്ഥാന ജനറൽ സെക്രട്ടറി), പ്രൊഫ. ഒ.ജെ. ചിന്നമ്മ സംസ്ഥാന പ്രസിഡൻ്റ്, മദ്യനിരോധന മഹിളാവേദി, അഡ്വ. വി.പി. ശ്രീധരൻ (കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, കേരള മദ്യനിരോധനസമിതി), പൊയിലിൽ കൃഷ്ണൻ (കോഴിക്കോട് ജില്ലാ സെക്രട്ടറി, കേരള മദ്യനിരോധനസമിതി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.