കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് വെള്ളിയാഴ്ച (ഇന്ന്) ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെ തുടക്കമാകും. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് ആത്മീയ തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ, തങ്ങളുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. രാവിലെ ആറുമുതൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യകാർമികത്വത്തിൽ വീരസാധനക്രിയയും നടക്കും.

മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ നീളുന്ന മഹോത്സവം, നാടിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും സംഗമമായി തിരുനാവായയെ മാറ്റും. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകർമം നടത്തും. ഇതോടെയാണ് തിരുനാവായയിലെ കുംഭമേള ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ദിവസങ്ങളാണ് ഇനി തിരുനാവായയെ കാത്തിരിക്കുന്നത്. പുരാതനമായ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായാണ് ഈ മഹോത്സവം കണക്കാക്കപ്പെടുന്നത്.

ഐതിഹ്യം
ലോകക്ഷേമത്തിനായി പരശുരാമൻ ഭാരതപ്പുഴയുടെ തീരത്തുള്ള തപോസ്നൂരിൽ (ഇന്നത്തെ തവനൂർ) ആദ്യത്തെ യാഗം നടത്തിയെന്നും, ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം നടന്ന ഈ യാഗത്തിൽ എല്ലാ ദേവന്മാരും പങ്കെടുത്തുവെന്നും വിശ്വസിക്കപ്പെടുന്നു. സപ്തപുണ്യനദികൾ ദക്ഷിണഗംഗയായ ഭാരതപ്പുഴയിൽ സംഗമിക്കുന്ന മാഘമാസം അതുകൊണ്ട് തന്നെ അതീവ പുണ്യകരമായി കണക്കാക്കുന്നു.
ചരിത്രം
പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഈ യാഗം ആവർത്തിക്കപ്പെടുകയും അത് മഹാമാഘ മഹോത്സവമായി മാറുകയും ചെയ്തു. ആദ്യകാലത്ത് ബൃഹസ്പതിയും പിന്നീട് പെരുമാക്കന്മാരും ഇതിന്റെ രക്ഷാധികാരികളായി. പിന്നീട് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള അധികാര തർക്കങ്ങൾക്കും രക്തരൂക്ഷിതമായ മാമാങ്കങ്ങൾക്കും ഇത് വേദിയായി. ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ആ മാമാങ്കങ്ങൾ അവസാനിച്ചു.
മഹോത്സവത്തിന്റെ വീണ്ടെടുപ്പ്
കഴിഞ്ഞ പ്രയാഗ്‌രാജ് കുംഭമേളയിൽ വെച്ച്, ജുന അഖാഡയിലെ മുതിർന്ന സന്യാസിയായ സ്വാമി ആനന്ദവൻ ഭാരതി മഹാരാജ് ദക്ഷിണേന്ത്യയുടെ മഹാമണ്ഡലേശ്വറായി നിയമിതനായി. തിരുനാവായയിലെ പുരാതനമായ മഹാമാഘ മഹോത്സവം “കേരളത്തിലെ കുംഭമേള” എന്ന പേരിൽ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ചടങ്ങുകൾ
രഥയാത്ര: ജനുവരി 19-ന് തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര പാലക്കാട്, തൃശൂർ വഴി ജനുവരി 22-ന് തിരുനാവായയിൽ എത്തിച്ചേരും.
ധർമ്മധ്വജാരോഹണം: ജനുവരി 22-ന് തിരുനാവായയിൽ ധർമ്മധ്വജം ഉയർത്തും.
നിളാ ആരതി: മഹോത്സവ ദിവസങ്ങളിൽ ഭാരതപ്പുഴയുടെ തീരത്ത് നിളാ ആരതി നടക്കും.
പങ്കാളിത്തം: കേരളത്തിലെ രാജകുടുംബാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിവര്യന്മാരും ചടങ്ങുകളിൽ പങ്കെടുക്കും.
പ്രധാന ദിവസങ്ങൾ
മൗനി അമാവാസി, വസന്ത പഞ്ചമി, രഥസപ്തമി, ഗണേഷ് ജയന്തി, ഷഷ്ഠി, ഭീഷ്മാഷ്ടമി, മാഘ പൗർണ്ണമി തുടങ്ങിയ ദിവസങ്ങൾ വിശേഷമായി ആചരിക്കുന്നു. ഈ ദിവസങ്ങളിൽ ഭാരതപ്പുഴയിലെ സ്നാനം അതീവ പുണ്യകരമായി കരുതപ്പെടുന്നു.








