മുൻ സിപിഎം എംഎൽഎയായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറെനാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് രാജേന്ദ്രന്റെ പ്രഖ്യാപനം. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിപിഎം രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുമായി അകലം പാലിച്ചിരുന്ന അദ്ദേഹം, പിന്നീട് സിപിഎം നേതൃത്വത്തെ വിമർശിച്ചും രംഗത്തെത്തിയിരുന്നു.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബി ജെപിയിൽ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയത് രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടി അംഗത്വം സ്വീകരിച്ചാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.







