എറണാകുളം – കണ്ണൂർ, കോയമ്പത്തൂർ – മംഗലാപുരം ഇൻ്റർസിറ്റി എക്സ്പ്രസ്സുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം റെയിൽവേ വകുപ്പ് വീണ്ടും അവഗണിച്ചു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ 15 തീവണ്ടികൾക്ക് സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോൾ കൊയിലാണ്ടിയെ പരിഗണിച്ചതേയില്ല. എന്നാൽ വടകരയിൽ മൂന്നു വണ്ടികൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസ്, തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്,
എറണാകുളം – പുണെ എക്‌സ്പ്രസ് എന്നിവയ്ക്കാണ് വടകര സ്‌റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇൻ്റർസിറ്റി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ജനകീയ ആവശ്യം പരിഗണിക്കപ്പെടാതെ പോകുന്നതിൽ യാത്രക്കാരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരന്തരമായി ഈ ആവശ്യം റെയിൽവേ മന്ത്രിയുടെയും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും അതൊന്നും പരിഗണിക്കാത്തതിലാണ് അമർഷം.
മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് (നമ്പർ 22609, 22610), എറണാകുളം-കണ്ണൂർ ഇൻ്റർസിറ്റി എക്സ്‌പ്രസ് (നമ്പർ 16305, 16306) എന്നിവയ്ക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ജനകീയാവശ്യം.
കൊയിലാണ്ടി താലൂക്കിൻ്റെ ആസ്ഥാനമാണിത്. താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര, മേപ്പയ്യൂർ, നടുവണ്ണൂർ തുടങ്ങി നാടിൻ്റെ നാനാഭാഗത്തുനിന്നു വരുന്ന യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് കൊയിലാണ്ടിയിലേത്. ശ്രീ ശങ്കരാചാര്യ സംസ്കൃത കോളേജ്, മുചുകുന്ന് ഗവ. കോളേജ്, കൊല്ലം എസ്എൻഡിപി കോളേജ്, ഗുരുദേവ കോളേജ്, മലബാർ കോളേജ്, ചേലിയ ഇലാഹിയ കോളേജ്, നന്തി ശ്രീ ശൈലം വനിതാ കോളേജ്, നന്തി അറബിക് കോളേജ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വരുന്ന ഒട്ടേറെ വിദ്യാർഥികളും അധ്യാപകരും ആശ്രയിക്കുന്നതും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനെയാണ്.
കൂടാതെ, ജില്ലാ സായുധ പോലീസ് ക്യാമ്പിലേക്കു വരുന്ന പോലീസുകാരും കൊയിലാണ്ടി സ്റ്റേഷനിലാണ് വണ്ടി ഇറങ്ങുകയും കയറുകയും ചെയ്യുക. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും ഇൻ്റർസിറ്റി എക്സ്പ്രസുകൾക്ക് സ്റ്റോപ്പില്ലാതെ പോകുന്നത് കഷ്ടമാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈ വണ്ടികൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.






