കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള താലൂക്കിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, വിവിധ രാഷ്രിയപാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കൊയിലാണ്ടി ആസ്ഥാന ആശുപത്രിയിൽ പൂർണമായ രീതിയിൽ പ്രവർത്തിക്കുന്ന ട്രോമ കെയർ ഉടൻ ആരംഭിക്കണം. വാഹനപകടങ്ങളിലും അത്യാഹിതങ്ങളിൽ പരിക്ക് പറ്റി വരുന്നവർക്ക് ജീവൻ നിലനിർത്താനുള്ള സേവനങ്ങൾ പൂർണതയിൽ എത്തേണ്ടതാണ്.
അത്യാഹിത വിഭാഗത്തിൽ അപകടത്തിൽ പെട്ട് വരുന്നവരെ അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ തരം തിരിക്കാൻ ട്രയാജിങ്ങ് സിസ്റ്റം, എമർജൻസി മെഡിസിൻ, ഡോക്ടർമാരുടെ 24 മണിക്കൂർ സേവനം, സർജറി നടത്താനുള്ള എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവ താലൂക് ആശുപത്രിയിൽ ലഭ്യമല്ല.
വാഹനാപകടങ്ങളിലും അത്യാഹിതങ്ങളിലും പരിക്ക് പറ്റി വരുന്നവരുടെ എണ്ണം അനുദിനം കൂടി കൂടി വരുന്ന സാഹചര്യത്തിൽ ഉടൻ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കണമെന്ന് കേരള സർക്കാരിനോടും ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും താലൂക് വികസന സമിതിയിൽ ആവശ്യപ്പെടുന്ന പ്രമേയം താലൂക് വികസന സമിതി അംഗം വി പി ഇബ്രാഹിം കുട്ടി അവതരിപ്പിച്ചു. പ്രമേയം ഐക്യകണ്ഠേന യോഗം അംഗീകരിച്ചു.





