പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
മണാശ്ശേരി-കൊടിയത്തൂർ-ചുള്ളി ക്കാപറമ്പ് റോഡിന്റെ നിർമാണം പൂർത്തിയായ ആദ്യഘട്ടത്തിൻ്റെയും പ്രവൃത്തി ആരംഭിക്കുന്ന തെയ്യത്തുംകടവ് മുതൽ കൊടിയത്തൂർ വില്ലേജ് ഓഫീസ് ജംഗ്ഷൻ വരെയുള്ള രണ്ടാം ഘട്ടത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, നാലുവർഷം പൂർത്തിയായപ്പോൾ തന്നെ നൂറിലധികം പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചു. പശ്ചാത്തല വികസന മേഖലയിൽ മാത്രമല്ല, എല്ലാ രംഗത്തും പ്രതീക്ഷിച്ചതിനപ്പുറമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് കിഫ്ബി ധനസഹായത്തോടെയാണ് മുക്കം നഗരസഭയെയും കൊടിയത്തൂർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. 28.35 കോടി രൂപ ചെലവിൽ 5.985 കി. മീറ്റർ നീളത്തിൽ ആധുനിക നിലവാരത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇതിനിടയിലുള്ള തെയ്യത്തുംകടവ് മുതൽ കൊടിയത്തൂർ വില്ലേജ് ഓഫീസ് വരെയുള്ള 575 മീറ്റർ ദൂരത്തിലാണ് പ്രവൃത്തി ആരംഭിക്കുന്നത്.
കൊടിയത്തൂരിൽ നടന്ന പരിപാടിയിൽ ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ പി ടി ബാബു, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ. കെ പി ചാന്ദ്നി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി കുഞ്ഞൻ മാസ്റ്റർ, കൗൺസിലർമാരായ എം വി രജനി, ബിജുന മോഹനൻ, അബ്ദുൽ ഗഫൂർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, കെആർഎഫ്ബി ടീം ലീഡർ ആർ സിന്ധു എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.







