കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി 27 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. ആവശ്യപ്പെട്ടു.
ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 120 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ (ഗ്രോയിൻ) ‘മോഡൽ സ്റ്റഡി റിപ്പോർട്ട്’ സമർപ്പിക്കുന്നതിനായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എഞ്ചിനീയറിംഗ് ഫോർ ഫിഷറീസ് (CICEF) സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. തുടർന്ന്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വിശദമായ പഠനത്തിനായി 17.6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് 2023-ൽ സർക്കാരിന് സമർപ്പിച്ചെങ്കിലും, ഈ കാര്യത്തിൽ ഇനിയും ഭരണാനുമതി നൽകിയിട്ടില്ല.
മോഡൽ സ്റ്റഡി നടത്തുന്നതിനാവശ്യമായ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് എം.പി. ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നതായും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം. പി. അറിയിച്ചു.







