നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും ഇടയിലാണ് ഇപ്പോള്‍ പ്രവൃത്തി ഊര്‍ജ്ജിതമായത്. പുത്തലത്ത് കുന്നിന് സമീപം കൂമന്‍ തോട് റോഡ് മുറിച്ചു കടക്കുന്നിടത്ത് അണ്ടര്‍പാസിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അണ്ടര്‍പാസിന് ഇരുപുറവും റോഡ് മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെ റോഡ് പണി പൂര്‍ത്തിയായാല്‍ ചെങ്ങോട്ടുകാവിനും നന്തിയ്ക്കും ഇടയില്‍ വാഹന ഗതാഗതം സുഗമമാകും. നന്തി ഭാഗത്താണ് ഇനി കാര്യമായ പ്രവൃത്തി നടക്കാനുളളത്. കൊല്ലം കുന്ന്യോറമലയില്‍ റോഡ് ടാര്‍ ചെയ്തിരുന്നെങ്കിലും ഇരുവശത്തും മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ ഭീഷണിയുളള റോഡിന്റെ ഇരുവശവുമുളള സ്ഥലം അക്വയര്‍ ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം എന്‍ എച്ച് എ ഐയുടെ സജീവ പരിഗണനയിലാണ്. ഈ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ഈ ഭാഗത്തും നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാവും.
ചെങ്ങോട്ടുകാവിനും നന്തിയിക്കും ഇടയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് യാഥാര്‍ത്യമാകുന്നത്. ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ കൊയിലാണ്ടി നഗരത്തില്‍ അനുഭവപ്പെടുന്ന തീരാത്ത യാത്രാദുരിതത്തിന് അറുതിയാവും. ദീര്‍ഘദൂര വാഹനങ്ങള്‍ എല്ലാം തന്നെ ബൈപ്പാസിലൂടെ കടന്നു പോകുന്നതോടെ നിലവിലെ ദേശീയപാതയിലെ കുരുക്കഴിയും. ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ആറ് വരി പാതയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായതാണ്. പുത്തലത്ത്കുന്നു മുതല്‍ നന്തി വരെയുളള ഭാഗത്താണ് പ്രവൃത്തി തടസ്സപ്പെട്ടു കിടന്നത്. ചെങ്ങോട്ടുകാവില്‍ നിലവിലുളള ദേശീയപാതയും ബൈപ്പാസ് കൂട്ടിമുട്ടുന്നിടത്ത് നിര്‍മ്മിച്ച മേല്‍പ്പാലത്തിലേക്ക് ബൈപ്പാസിനെ ബന്ധിപ്പിക്കാനുളള റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. അതേപോലെ നന്തിയില്‍ ബൈപ്പാസ് ആരംഭിക്കുന്നിടത്തും റോഡ് നിര്‍മ്മിക്കണം.