കൊയിലാണ്ടി: തീരദേശ മേഖലയില്‍ മിക്ക റോഡുകളും തകര്‍ന്നു പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണെന്നും സര്‍ക്കാര്‍ മേഖലയെ പൂര്‍ണ്ണമായി അവഗണിക്കുകയാണെന്നും ജില്ലാ ആസൂത്രണ സമിതി അംഗം വിപി ഇബ്രാഹീംകുട്ടി. മന്ത്രി സജി ചെറിയാന് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തീരദേശത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങളെ സാക്ഷിനിര്‍ത്തി പരിഹരിക്കാമെന്ന് 2023 മെയ് 17ന് കൊയിലാണ്ടിയില്‍ നടന്ന തീര സദസ്സില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
നാഷണല്‍ ഹൈവേയില്‍ നിന്ന് പഴയ മാര്‍ക്കറ്റ് വഴി കസ്റ്റംസ് റോഡ് മുതല്‍ ചെറിയ മങ്ങാട് വരെ പൊട്ടിപ്പൊളിഞ്ഞു കുഴികളും വിള്ളലുകളുമായി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാതെ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്മൂന്ന് വര്‍ഷത്തോളമായി. 2024-25 ബജറ്റില്‍ 1 കോടി 41 ലക്ഷം വകയിരുത്തി ഒരു വര്‍ഷം മുന്‍പ് ടെണ്ടര്‍ ചെയ്തുവെങ്കിലും മലപ്പുറത്തുള്ള കോണ്‍ട്രാക്ടര്‍ പ്രവര്‍ത്തി ആരംഭിക്കാതെ നീട്ടികൊണ്ട് പോയി. അവസാനം ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഓഗസ്റ്റ് 21 ന് റോഡ് റീ ടെന്റര്‍ ചെയ്തിരിക്കയാണ്. കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് 5.5 കിലോമീറ്റര്‍ തകര്‍ന്നിരിക്കുന്നു. കൊല്ലം ചെറിയ തോട്, കൂത്തം വള്ളി തോടിന് പാലം എവിടെ, കൊയിലാണ്ടി ഫിഷിങ്ങ് ഹാര്‍ബര്‍ ഡ്രഡ്ജിങ് പ്രവര്‍ത്തി പൂര്‍ത്തിയാക്കണം. ഐസ്പ്ലാന്റ് റോഡ്, കസ്റ്റംസ് ബീച്ച് ലിങ്ക് റോഡിന് ഫണ്ടനുവദിക്കണം. മത്സ്യ ഗ്രാമങ്ങളില്‍ മോഡല്‍ ഫിഷിങ് വില്ലേജ് വേണം.കൊയിലാണ്ടി മത്സ്യ ഗ്രാമത്തിനു തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണാനുമതി നല്‍കണമെന്നും കത്തില്‍ ഇബ്രാഹീം കുട്ടി ആവശ്യപ്പെട്ടു.