അത്തോളി ദേശീയ ഗ്രന്ഥാലയം സംഘടിപ്പിച്ച അനുമോദന സദസ് അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ യുവ തലമുറയിലൂടെ വളർന്നുവരുന്ന സംസ്കാരത്തിൽ ഏറ്റവും നല്ല നിലയിലേക്കുള്ള പങ്കുവഹിക്കാൻ കഴിയാവുന്ന ഒന്നാണ് ഗ്രന്ഥാലയവും ഗ്രന്ഥശാലാ പ്രവർത്തനവുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകളിൽ നല്ല മാർക്കോടെ പാസായി നന്നായി മോനെ, അല്ല മോളെയെന്ന് ആശംസിച്ച് തോളിൽ തട്ടി അനുമോദിക്കാൻ ഒരാളുമില്ലെങ്കിൽ വളർന്നുവരുന്ന തലമുറയുടെ മനസിന്റെ ഉള്ളിൽ തന്നെ തോന്നും ഇതിലുമൊന്നൊരു കാര്യമില്ലെന്ന്. എന്നാൽ അതിൽ നിന്നെല്ലാം മാറി സമൂഹത്തിന്റെ വിവിധവും വൈവിധ്യവുമായ പ്രവർത്തന തലങ്ങളിൽ മികവു തെളിയിക്കുന്നവരെ വിളിച്ചിരുത്തി അനുമോദിച്ചാൽ അവരിലുണ്ടാകുന്ന ആവേശവും ആത്മവിശ്വാസവും വളരെ വലുതായിരിക്കുമെന്ന് നമുക്ക് കാണാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വായനശാല അടക്കം സമൂഹത്തിൽ ഇടപെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഏതൊരു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് കാണണമെന്നും എങ്കിൽ മാത്രമെ നമ്മുടെ നാടിനെ ശരിയായ നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രന്ഥാലയം പ്രസിഡന്റ് സത്യ നാഥൻ പുളിക്കൂൽ അധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയികളെ അനുമോദിച്ചു. വാർഡ് മെമ്പർ സന്ദീപ് കുമാർ നാലുപുരക്കൽ, ബ്ലോക്ക് അംഗം സുധ കാപ്പിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.പി ബാലകൃഷ്ണൻ, എം.കെ ശശിധരൻ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി നിധീഷ് പുറായിൽ സ്വാഗതവും ഗ്രസ്ഥാലയം അംഗം ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.