കൊയിലാണ്ടി: പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്ന അസംബന്ധമാണ് സി പി എമ്മില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. സിപിഎമ്മിലെ കത്ത് വിവാദത്തെ കുറിച്ചു പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ അസംബന്ധമെന്ന് പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. കത്ത് വിവാദത്തില്‍ പാര്‍ട്ടി തന്നെ അന്വേഷിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സി.പി.എമ്മിനാവില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി മാരില്‍ ചിലര്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഷാഫിയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മത്സരിച്ചോട്ടെയെന്ന് തമാശ രൂപണേ സണ്ണി ജോസഫ് പ്രതികരിച്ചു. എന്നാല്‍ വടകരക്കാര്‍ക്ക് കിട്ടിയ പുയ്യാപ്ലയെ വിട്ടുകൊടുക്കാന്‍ വടകരക്കാര്‍ക്ക് താത്പര്യമില്ലെന്ന് സണ്ണിജോസഫ് മറുപടി പറഞ്ഞത് ചിരി പടര്‍ത്തി.
എ.ഡി.ജി.പി അത് അജിത്ത് കുമാറിന്റെയും പി.ശശിയുടെയും കേസില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പറയുന്നത് ഒരു രേഖയാണ്. തിരുവനന്തപുരത്തെ കോടതിയില്‍ വിധി ന്യായത്തില്‍ 83 പേജില്‍ ഇക്കാര്യം വ്യക്തമായി ആവര്‍ത്തിച്ചു പറയുന്നുണ്ട്. ആ വിധി ന്യായത്തിൽ പറഞ്ഞത് നീതിയും സത്യവും ചവിട്ടി മെതിച്ചുവെന്നാണ്. കോടികളുടെ അഴിമതിയാണ് എം.ആര്‍. അജിത്ത് കുമാര്‍ എഡിജിപി എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ തണലില്‍ നടത്തിയത്. എന്നാല്‍ ഈ കേസ് അന്വേഷിച്ച വിജിലന്‍സ് വളരെ വികൃതമായ നടപടിയാണ് എടുത്തത്. അജിത്ത് കുമാറിനെ രക്ഷിക്കാനാണ് വിജിലന്‍സ് ശ്രമം നടത്തിയത്. കോടതി രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ നടത്തിയത്. സര്‍ക്കാരിനും സി പിഎമ്മിനും ഇക്കാര്യത്തില്‍ മറുപടിയുണ്ടാവില്ല.
പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് താന്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. മലബാറില്‍ കൂടുതല്‍ യു.ഡി.എഫ് എംപി മാരെ ഉണ്ടാക്കിയിടുക്കുകയാണ് പ്രധാന ദൗത്യം. കേരളത്തില്‍ ഭരണമാറ്റം വേണമെന്നത് പാലങ്ങള്‍ തകരുന്നത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ പേരു പറഞ്ഞു അധികാരത്തില്‍ വന്ന ഈ സര്‍ക്കാറിന്റെ കാലത്ത് അഞ്ച് പാലങ്ങളാണ് തകര്‍ന്നത്. ദേശീയപാത തകര്‍ന്നു കിടക്കുന്നത് കാണുമ്പോള്‍ ജനങ്ങളുടെ മുഖത്ത് പോലും നോക്കാന്‍ കഴിയുന്നില്ല. ജനങ്ങളെ അണിനിരത്തി റോഡ് തകര്‍ച്ചക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തോടും യുഡിഎഫിനോടും ആലോചിച്ചു ശക്തമായ സമരം ആരംഭിക്കും. ഇനി കേന്ദ്രമന്ത്രിമാരുടെ മുന്നില്‍ പോയി യാചിക്കുകയില്ലെന്നും ഷാഫി പറഞ്ഞു.