അത്തോളി ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ കോടികൾ മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ബീം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കൾക്കുമൊപ്പം ഡിസിസി പ്രസിഡണ്ട് പാലം തകർന്ന തോരായിക്കടവ് സന്ദർശിച്ചു. ഗുരുതരമായ കൃത്യവിലോപമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാലത്തിൻ്റെ കോൺക്രീറ്റ് പണികൾ നടക്കുന്ന സമയത്ത് പോലും ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി വിശദീകരിക്കണം. പാലം പണിയിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാലം പണി വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കുട്ടി പണി വേഗത്തിൽ പൂർത്തിയാക്കുകയാണ് കരാറുകാർ ചെയ്യുന്നത്. ഇത് പാലത്തിൻ്റെ ബലത്തേയും ഉറപ്പിനെയും ബാധിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനമാമാങ്കം നടത്താനാണ് സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യം. കുറ്റമറ്റ രീതിയിൽ പാലം പണി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രവീൺകുമാർ മുന്നറിയിപ്പ് നൽകി.
ആലപ്പുഴ ജില്ലയിലും കഴിഞ്ഞയാഴ്ച ഒരു പാലം നിർമ്മാണ ഘട്ടത്തിൽ തകർന്നു വീണിരുന്നു. പാലത്തിന് ചിലവിടുന്ന കോടികൾ പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകാൻ വേണ്ടി കരാറുകാരെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രവും സിപിഎം സ്വീകരിക്കുന്നുണ്ട്. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത്, ഡിസിസി ജന സെക്രട്ടറി രാജേഷ് കിഴരിയൂർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ഷബീർ എളവനക്കണ്ടി, അനിൽകുമാർ പാണലിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജറിൽ ബോസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, പി. ആലിക്കോയ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.